എയർ ഹോണുകളിൽ റോഡ് റോളർ കയറ്റും; ഗണേഷ് കുമാർ കലിപ്പിൽ

നിയമം ലംഘിച്ച് എയർ ഹോണുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർക്കശമായ നടപടികളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അനധികൃത എയർ ഹോണുകൾ പിടിച്ചെടുത്ത് മാധ്യമങ്ങളുടെ മുന്നിൽ വെച്ച് റോഡ് റോളർ കയറ്റി നശിപ്പിക്കണം എന്നാണ് മന്ത്രിയുടെ പുതിയ നിർദ്ദേശം. ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വേണ്ടിയുള്ള പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 13ന് ആരംഭിച്ച പരിശോധന 19 വരെ തുടരും. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ വെറുതെ മാറ്റിവെക്കുകയല്ല, പകരം റോഡ് റോളർ ഉപയോഗിച്ച് പൂർണ്ണമായി നശിപ്പിക്കണം എന്നാണ് മന്ത്രിയുടെ നിർദ്ദേശം. നിയമലംഘനം നടത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ആക്കം കൂട്ടിയത് അടുത്തിടെ കോതമംഗലത്ത് നടന്ന ഒരു സംഭവമാണ്.
Also Read : “ഇതും എടുത്ത് ഫെയ്സ് ബുക്കിൽ ഇട്ടോ!” ബസിലെ വൃത്തിയിൽ വിട്ടുവീഴ്ച വേണ്ട; വിമർശകർക്ക് മറുപടിയുമായി ഗണേഷ് കുമാർ
കെഎസ്ആർടിസി ബസ് ടെർമിനലിൻ്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പങ്കെടുക്കുമ്പോൾ, നിരവധി ആളുകളുമായി പോവുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗത്തിൽ, തുടർച്ചയായി ഹോൺ മുഴക്കി അതുവഴി കടന്നുപോയി. ഇതിൽ പ്രകോപിതനായ മന്ത്രി, ആ സമയത്ത് സംസാരിക്കുകയായിരുന്ന എംഎൽഎയെ തടസ്സപ്പെടുത്തികൊണ്ട്, ഇങ്ങനെ വിമർശിച്ചു:
“ബഹുമാനപ്പെട്ട എംഎൽഎ പ്രസംഗിക്കുകയാണ്. എനിക്ക് തോന്നിയത് ഒരു ഫയർ എൻജിൻ വരികയാണെന്നാണ്. എനിക്കും പേടിയായിപ്പോയി. ഒരുപാട് ആളുകളുമായി റോക്കറ്റ് വേഗത്തിലാണ് അത് പോകുന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ ഇത്രയധികം ഹോൺ അടിക്കേണ്ട കാര്യമെന്താണ്?”
Also Read : ‘ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻഎസ്എസിന് ഒന്നുമില്ല’… ഗണേഷ് കുമാർ
ഈ സംഭവത്തിന് പിന്നാലെ, മന്ത്രിയുടെ നിർദേശപ്രകാരം ഉടൻ തന്നെ ആ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്യുകയുമായിരുന്നു. നിയമം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാനുള്ള മന്ത്രിയുടെ നീക്കത്തിൻ്റെ ഭാഗമാണ് പുതിയ എയർ ഹോൺ വേട്ട.
ഇതിനു മുൻപ്, ഒരു കെഎസ്ആർടിസി ബസ്സിൽ ഡാഷ്‌ബോർഡിൽ കുപ്പികൾ അലക്ഷ്യമായി ഇട്ടിരുന്ന ജീവനക്കാരനെ ബസ് നിർത്തിച്ച് ശാസിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്ത സംഭവവും വലിയ ചർച്ചൾക്ക് വഴി തെളിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here