403 കിലോ സ്വർണം എസ്ബിഐയെ ഏൽപിച്ച് ദേവസ്വം ബോർഡ്; സ്ട്രോങ് റൂമിൻ്റെ സുരക്ഷാഭീഷണി ഒഴിവാക്കാനെന്ന് വാദം

ശബരിമല സ്വർണ്ണപ്പാളി വിവാദം പുറത്തുവരുന്നതിന് തൊട്ടുമുൻപ് ദേവസ്വം ബോർഡിൻ്റെ നിർണായക നീക്കം. ബോർഡിന്റെ തിരുവനന്തപുരം വലിയശാലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 403.91 കിലോ സ്വർണം എസ്ബിഐയുടെ നിക്ഷേപ പദ്ധതിയിലേക്കു കൈമാറി. നിത്യപൂജകൾക്ക് ഉള്ളവ ഒഴികെ നടവരവായി കിട്ടിയ സ്വർണം മുഴുവൻ ഇതോടെ സേഫ് ലോക്കറിലായി.

ഹരിയാനയിലെ സ്ഥാപനത്തിൽ ഉരുക്കി സ്വർണകട്ടികളായാണ് കൈമാറിയത്. ഇക്കഴിഞ്ഞ ജൂൺ- ജൂലൈ മാസങ്ങളിലാണ് ഇവ ബാങ്കിലേക്ക് നൽകിയത്. ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ, ദേവസ്വം വിജിലൻസ് എസ്പി തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ആണ് സ്വർണം ഹരിയാനയിലെ സ്ഥാപനത്തിൽ എത്തിച്ച് ഉരുക്കിയതും തുടർന്ന് പദ്ധതിയിലേക്ക് നിക്ഷേപിച്ചതും.

മൂന്നു വർഷത്തേക്ക് ആണ് തൽക്കാലം സ്വർണം നിക്ഷേപിച്ചിരിക്കുന്നത്. 0.6 % ആണ് പലിശനിരക്ക്. ഇത് കുറവാണെങ്കിലും, ഇത്രയും സ്വർണം സൂക്ഷിക്കുന്നതിൻ്റെ റിസ്കും, ദേവസ്വം സ്ട്രോങ് റൂമുകളുടെ സുരക്ഷാഭീഷണിയും ഒഴിയുമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ഹൈക്കോടതിയോട് അനുമതി തേടിയിരുന്നു.

ഇതുവരെ നടവരവായി കിട്ടിയ 478 കിലോ സ്വർണമാണ് ദേവസ്വം ബോർഡിൻ്റെ കൈവശം ഉണ്ടായിരുന്നത്. ഇത് ഉരുക്കിയപ്പോൾ കിട്ടിയത് മാലിന്യങ്ങളെല്ലാം ഒഴിവായ 99.5% ശുദ്ധമായ സ്വർണമാണ്. ഇത് 403.91 കിലോ വരും. നടവരവായി കിട്ടുന്ന സ്വർണം ഇനിമുതൽ പൂർണമായും ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കാൻ ആണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top