ജവഹര്‍ നഗര്‍ ഭുമി തട്ടിപ്പ് കോണ്‍ഗ്രസ് നേതാവ് ഒളിവില്‍; മുഖ്യ സൂത്രധാരന്‍ അനന്തപുരി മണികണ്ഠനെന്ന് പോലീസ്

പ്രവാസി സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാന്‍ വ്യാജ ഇഷ്ടദാന കരാര്‍ ഉള്‍പ്പെടെ രേഖകളുണ്ടാക്കി ഭൂമിയും വീടും തട്ടിയെടുത്ത കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠന്‍ ഒളിവില്‍. തിരുവനന്തപുരം നഗരമധ്യത്തിലെ ജവഹര്‍ നഗറിലെ വീടും ഭൂമിയുമാണ് വ്യാജപ്രമാണം ഉണ്ടാക്കി തട്ടിയെടുത്തത്. മുഖ്യ സൂത്രധാരന്‍ ആധാരമെഴുത്തുകാരൻ മണികണ്ഠന്‍ ആണെന്നാണ് പോലീസിന് കിട്ടിയിട്ടുള്ള വിവരം.

ജവഹര്‍നഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്പിന് പാരമ്പര്യമായി കിട്ടിയ സ്വത്താണിത്. കേസില്‍ പിടിയിലായ പുനലൂര്‍ അലയമണ്‍ സ്വദേശി മെറിന്‍ ജേക്കബിന്റേയും വട്ടപ്പാറ സ്വദേശി വസന്തയുടെയും മൊഴിയില്‍ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്.

ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേനയാണ് 27കാരിയായ മെറിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ ഡോറയാണെന്ന് പറഞ്ഞ് വസന്തയെ അവതരിപ്പിച്ച് ആള്‍മാറാട്ടം നടത്തി ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേന്‍ എന്നയാളുടെ പേരില്‍ ഭൂമാഫിയ സംഘം വിലയാധാരമെഴുതി.
ഇതിന്റെയെല്ലാം ചുക്കാന്‍ പിടിച്ചത് മണികണ്ഠനാണെന്നും ആള്‍മാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും മൊഴി. പ്രവാസി സ്ത്രീയുടെ വളര്‍ത്തുമകളായി ആള്‍മാറാട്ടം നടത്തിയ മെറിന്‍ ജേക്കബ് ശാസ്തമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. വസ്തു ഉടമ ഡോറ അസറിയ ക്രിസ്പിന്റെ കാര്യസ്ഥനായ അമര്‍നാഥ് പോള്‍ കരമടയ്ക്കാന്‍ ചെന്നപ്പോള്‍ വസ്തു കൈമാറ്റം ചെയ്ത വിവരം അറിയുന്നത്.
തട്ടിപ്പ് ഇടപാടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. തലസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അനന്തപുരി മണികണ്ഠന്‍. ആറ്റുകാൽ വാർഡിൽ നിന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here