തീരുവയെ എതിർക്കുന്നവർ വിഡ്ഢികൾ; ഓരോ പൗരനും 2,000 ഡോളർ വീതം നൽകുമെന്ന് ട്രംപ്

അമേരിക്കൻ തീരുവയെ ന്യായീകരിച്ച് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഈ തീരുവകൾ വഴി ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു വിഹിതം അമേരിക്കൻ പൗരന്മാർക്ക് നേരിട്ട് സാമ്പത്തിക സഹായമായി നൽകുമെന്നാണ് പ്രഖ്യാപനം. തൻ്റെ വ്യാപാര നയങ്ങൾ സുപ്രീം കോടതിയിൽ നിയമപരമായ പരിശോധന നേരിടുന്നതിനിടെയാണ് ട്രംപിൻ്റെ ഈ പ്രതികരണം.

തീരുവകളെ എതിർക്കുന്നവർ വിഡ്ഢികളാണെന്ന് പറഞ്ഞ് കൊണ്ട് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. തീരുവ ഏർപ്പെടുത്തിയതിലൂടെ രാജ്യം ട്രില്ല്യൺ കണക്കിന് ഡോളർ വരുമാനം നേടുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Also Read : ചൈനക്കും പണികൊടുത്ത് ട്രംപ്; 100% അധിക തീരുവ ഉടൻ; സോഫ്റ്റ് വെയറുകൾക്കും പിടിവീഴും

ഈ നയങ്ങൾ കാരണം അമേരിക്ക ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമായി മാറിയെന്നും, പണപ്പെരുപ്പം കുറഞ്ഞെന്നും, ഓഹരി വിപണി റെക്കോർഡ് നിലയിൽ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തീരുവ വരുമാനം ദേശീയ കടം കുറയ്ക്കുന്നതിനും പൗരന്മാർക്ക് നേരിട്ട് ആനുകൂല്യം നൽകുന്നതിനും ഉപയോഗിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. “ഉയർന്ന വരുമാനക്കാരെ ഒഴിച്ചുനിർത്തി, ഓരോ വ്യക്തിക്കും കുറഞ്ഞത് 2,000 ഡോളറിൻ്റെ ലാഭവിഹിതം നൽകും.” എന്നാൽ, ഈ പണം വിതരണം ചെയ്യുന്നതിൻ്റെ സമയപരിധിയോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടില്ല.

Also Read : ട്രംപിന്റെ തീരുവയില്‍ തകര്‍ന്നടിഞ്ഞ് രൂപ; ഡോളറിന് എതിരായ മൂല്യം 88.29ലേക്ക് കൂപ്പുകുത്തി

തീരുവകൾ ഏർപ്പെടുത്തിയതിലൂടെ പ്രസിഡൻ്റ് തൻ്റെ എക്സിക്യൂട്ടീവ് അധികാരം ലംഘിച്ചോ എന്ന വിഷയം നിലവിൽ യു.എസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ വിധി ഭാവിയിൽ പ്രസിഡൻ്റുമാരുടെ വ്യാപാര അധികാരങ്ങൾക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കും.

തീരുവകൾ അമേരിക്കൻ ഉപഭോക്താക്കൾക്ക് കൂടുതൽ നികുതിയായി മാറുമെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുമ്പോൾ, വ്യാപാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തീരുവകൾ അനിവാര്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top