ഗാസ ബോർഡ് ഓഫ് പീസ് ഐക്യരാഷ്ട്രസഭയ്ക്ക് മുതൽക്കൂട്ടാകും; സഹകരണം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

താൻ രൂപീകരിച്ച ‘ഗാസ ബോർഡ് ഓഫ് പീസ്’ ഐക്യരാഷ്ട്രസഭയ്ക്ക് എതിരല്ലെന്നും, മറിച്ച് യുഎന്നിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന ഒന്നാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ട്രംപ് തന്റെ പുതിയ സമാധാന പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്തിയത്.
ഗാസ ബോർഡ് ഓഫ് പീസും യുഎന്നും കൈകോർത്ത് പ്രവർത്തിക്കുന്നത് ലോകത്തിന് നല്ല കാര്യമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎന്നിനെ മാറ്റിനിർത്താനല്ല, മറിച്ച് പലസ്തീനിലെ മാനുഷിക പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനാണ് ഈ പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. സമാധാന ശ്രമങ്ങളെ കൂടുതൽ പ്രായോഗികവും സാമ്പത്തികമായി സുരക്ഷിതവുമാക്കുകയാണ് തന്റെ ലക്ഷ്യം. ബോർഡിൽ അംഗങ്ങളായ എട്ട് പ്രമുഖ മുസ്ലീം രാജ്യങ്ങൾ ഗാസയുടെ പുനർനിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : ‘മോദിക്ക് എന്നോട് പിണക്കമാണ്’; ഇന്ത്യയ്‌ക്കെതിരെ വീണ്ടും ട്രംപ്
സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായത് വലിയ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. മേഖലയിലെ രാഷ്ട്രീയ അസ്ഥിരത നീക്കി ഗാസയെ ഒരു സാമ്പത്തിക ഹബ്ബാക്കി മാറ്റുകയാണ് തന്റെ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യ ഈ സമിതിയിൽ ചേരാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഓരോ രാജ്യത്തിനും അവരുടേതായ നിലപാടുകൾ ഉണ്ടെന്നും എന്നാൽ ഭാവിയിൽ ഇന്ത്യയും ഇതിന്റെ ഭാഗമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നുമാണ് ട്രംപ് പ്രതികരിച്ചത്. എന്നാൽ യുഎന്നിനെ മറികടന്ന് ട്രംപ് രൂപീകരിച്ച ഈ സമാന്തര സംവിധാനത്തോട് ഇന്ത്യ ഇപ്പോഴും നയതന്ത്രപരമായ അകലം പാലിക്കുകയാണ്.
ട്രംപിന്റെ ഈ നീക്കം പലസ്തീൻ അതോറിറ്റിയെ ദുർബലപ്പെടുത്തുമെന്നും സമാധാനത്തെ ഒരു ബിസിനസ് ഡീൽ ആയി മാറ്റുകയുമാണെന്ന് പല അന്താരാഷ്ട്ര നിരീക്ഷകരും കുറ്റപ്പെടുത്തുന്നുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അധികാരങ്ങളെ ഇത് മറികടക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here