നെതന്യാഹുവിനെ ട്രംപ് പിടിച്ചിരുത്തി മാപ്പ് പറയിച്ചതോ… വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രങ്ങൾ ചർച്ചയാകുന്നു

ഡൊണാൾഡ് ട്രംപിൻറെ കയ്യിൽ ഫോൺ, റിസീവർ നെതന്യാഹുവിന്റെ കാതിൽ. കടലാസ് നോക്കി ഖത്തർ ഭരണാധികാരിയോട് മാപ്പ് പറയുന്ന ഇസ്രായേൽ പ്രധാനമന്ത്രി. ഗാസയ്ക്കുള്ള യുഎസ് സമാധാന പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടികാഴ്ചക്കിടെയുള്ള ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വൈറ്റ്ഹൗസ് തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

ട്രംപും നെതന്യാഹുവും ഓവൽ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനിടയിൽ എടുത്ത ചിത്രമാണിത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുമായി നെതന്യാഹു ഫോണിൽ സംസാരിക്കുന്ന ചിത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ദോഹയിൽ നടത്തിയ ആക്രമണത്തിന്, തീർത്തും അപ്രതീക്ഷിതമായാണ് ഇസ്രായേൽ പ്രധാനമന്ത്രി വൈറ്റ് ഹൗസിൽ നിന്നും ഫോൺ വിളിച്ച് ഖത്തർ പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്തിയത്.
Also Read : തനിക്ക് തന്നില്ലെങ്കിൽ അത് അമേരിക്കയ്ക്ക് അപമാനം; നോബൽ പ്രൈസിനായി മുറവിളി കൂട്ടി ഡോണൾഡ് ട്രംപ്
ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ട്രംപിൻറെ ഇടപെടലോടെയുള്ള നെതന്യാഹുവിന്റെ മാപ്പ് എന്നാണ് നിഗമനം. നോബൽ സമ്മാനം നേടാനായി ട്രംപ് നടത്തുന്ന നീക്കങ്ങളുടെ ഭാഗവുമാണിത്. സൈന്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് തന്നെയാണ് നോബൽ നേടാനുള്ള തന്റെ ശ്രമങ്ങൾ വെളിപ്പെടുത്തിയത്. സമാധാനചർച്ച പുനഃരാരംഭിക്കാൻ ഇസ്രയേൽ മാപ്പുപറയണമെന്ന് ഖത്തർ നിബന്ധന വച്ചിരുന്നു. ഈ ചർച്ചകളിൽ ഖത്തർ പ്രധാന പങ്കാണ് വഹിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here