ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കും; 30 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ട്രംപ്

അമേരിക്കൻ ഐക്യനാടുകൾ 1992 മുതൽ നിർത്തിവച്ചിരുന്ന ആണവായുധ പരീക്ഷണം വീണ്ടും ആരംഭിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയുയർത്തിക്കൊണ്ട്, ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് വാറിന് അദ്ദേഹം നിർദ്ദേശം നൽകി.
റഷ്യയുടെയും ചൈനയുടെയും വർധിച്ചുവരുന്ന ആണവ ശേഷിക്ക് ഒപ്പമെത്തേണ്ടതിൻ്റെ ആവശ്യകതയാണ് ഈ നിർണ്ണായക തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ട്രംപ് തൻ്റെ തീരുമാനം അറിയിച്ചത്. ആണവായുധ ശേഖരത്തിൻ്റെ കാര്യത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്താണെങ്കിലും റഷ്യയും ചൈനയും തങ്ങളുടെ ആണവശേഷികൾ വർദ്ധിപ്പിക്കുന്നത് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.
Also Read : യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ മിടുക്കൻ; പാക്- അഫ്ഗാൻ യുദ്ധം ഇപ്പോ ശരിയാക്കിത്തരാമെന്ന് ട്രംപ്
ചൈനയുടെ ആണവ പദ്ധതി അതിവേഗം മുന്നോട്ട് പോവുകയാണെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എസിനും റഷ്യക്കും ഒപ്പമെത്താൻ കഴിയുമെന്നുമാണ് യു.എസ്. ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകുന്നത്.
റഷ്യ അടുത്തിടെ പ്രധാന ആയുധ നിയന്ത്രണ കരാറുകളിൽ നിന്ന് പിന്മാറുകയും, ആണവശക്തിയുള്ള സൂപ്പർ ടോർപ്പിഡോയുടെയും ആണവ ക്രൂയിസ് മിസൈലിൻ്റെയും വിജയകരമായ പരീക്ഷണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ട്രംപ് ആണവായുധങ്ങൾ പരീക്ഷിക്കാൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാറിന് നിർദ്ദേശം നൽകിയിരിക്കുകയാണ് .
കമ്പ്യൂട്ടർ സിമുലേഷനുകളെയും സബ്ക്രിട്ടിക്കൽ പരീക്ഷണങ്ങളെയും ആശ്രയിച്ച് ആണവായുധപ്പുരയുടെ സുരക്ഷ ഉറപ്പാക്കിയിരുന്ന വാഷിംഗ്ടൺ, 30 വർഷത്തിന് ശേഷം ആദ്യമായി തത്സമയ ആണവ സ്ഫോടനം നടത്താനാണ് ഒരുങ്ങുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിലെ ബുസാനിൽ വച്ച് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതിന് തൊട്ടുമുമ്പാണ് ട്രംപിൻ്റെ ഈ പ്രഖ്യാപനം വന്നതെന്നതും ശ്രദ്ധേയമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here