തുർക്കിയിലെ ഭീകരാക്രമണ ദൃശ്യങ്ങള്‍ പുറത്ത്; കാറില്‍ നിന്ന് ഇറങ്ങിയോടി; പിന്നെ തീഗോളവും

അങ്കാറ: തുർക്കിയിലെ ഭീകരാക്രമണ ദൃശ്യങ്ങള്‍ പുറത്ത്. തുര്‍ക്കി പാർലമെന്റിന് സമീപത്തെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ന് ആയിരുന്നു പാർലമെന്റിന് സമീപം ചാവേർ സ്‌ഫോടനം.
സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. തുർക്കി പ്രസിഡന്റ് എർദോഗന്റെ പ്രസംഗത്തോടെ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം.
സ്‌ഫോടനത്തിനായി ചാവേർ കാറിൽനിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ദൃശ്യത്തിലുള്ളത്. രണ്ടുപേരാണ് കാറിൽ വന്നിറങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപത്തേക്ക് ഒരാൾ ഓടിയെത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ പൊലീസ് വെടിവച്ചു വീഴ്‌ത്തി.
സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായാണ് റിപ്പോർട്ടുകൾ. ഭീകരർ നിരോധിത മേഖലയിൽ കടന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം തുര്‍ക്കിയില്‍ നടന്നത് ഭീകരാക്രമണമാണെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here