നെതന്യാഹുവിനെതിരെ തുർക്കിയുടെ അറസ്റ്റ് വാറണ്ട്; പുച്ഛിച്ച് തള്ളി ഇസ്രയേല്‍

യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മറ്റ് 36 ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. വംശഹത്യ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ഇസ്താംബുൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഉത്തരവിറക്കിയത്. തുർക്കി ഭരണകൂടത്തിൻ്റെ ഈ നടപടിയെ ഇസ്രയേൽ ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞു. ഇത് പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗന്റെ പബ്ലിക് റിലേഷൻസ് സ്റ്റണ്ട് മാത്രമാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ പ്രതികരിച്ചു.
നെതന്യാഹുവിനെ കൂടാതെ, ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ എയൽ സമീർ എന്നിവരടക്കം 37 ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് വാറണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇസ്രയേൽ ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് വലിയ തോതിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തതായും പ്രോസിക്യൂട്ടറുടെ ഓഫീസ് ആരോപിക്കുന്നു.
Also Read : അറസ്റ്റ് ഭീതിയിൽ നെതന്യാഹു; അധികം സഞ്ചരിച്ചത് 600 കി.മി; യൂറോപ്യൻ വ്യോമ പാത കയറാതെ “വിംഗ്സ് ഓഫ് സിയോൺ”
ഗാസയിലെ തുർക്കി-പലസ്തീൻ സൗഹൃദ ആശുപത്രി ഇസ്രയേൽ ബോംബിട്ട് തകർത്ത സംഭവവും വാറണ്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ ഗ്രൂപ്പുകൾ തുർക്കിയുടെ നീക്കത്തെ പ്രശംസിച്ചു. ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) നൽകിയ വംശഹത്യാ കേസിൽ തുർക്കി കഴിഞ്ഞ വർഷം കക്ഷി ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ് വാറണ്ട്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഗാസയിലെ പ്രാദേശിക സമാധാന പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 10 മുതൽ പ്രദേശത്ത് ദുർബലമായ വെടിനിർത്തൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഗാസയിലെ യുദ്ധാനന്തര സ്ഥിരതാ സേനയിൽ തുർക്കിക്കുള്ള പങ്കിൽ ഇസ്രയേൽ ഇപ്പോഴും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here