കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായി വീഡിയോ കോള്‍; ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; റീ എന്‍ട്രിക്ക് ശ്രമം തുടങ്ങി വിജയ്

ടിവികെയുടെ റാലിക്കിടെ കരൂരില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. നേരിട്ട് കരൂരിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ ഫോണില്‍ വീഡിയോ കോള്‍ വിളിച്ചാണ് വിജയ് സംസാരിച്ചത്. മരിച്ച ഇരുപതുപേരുടെ ബന്ധുക്കളുമായി സംസാരിച്ചു. 14 മിനിറ്റോളമാണ് ഈ സംഭാഷണം നീണ്ടത്.
സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായത്. കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ല. എന്നാല്‍ എന്നും എപ്പോഴും കൂടെ തന്നെ ഉണ്ടാകും എന്നും വിജയ് ഉറപ്പ് നല്‍കി. എത്രയും വേഗം നേരിട്ട് എത്തി കാണാം എന്ന് പറഞ്ഞാണ് സംഭാഷണം വിജയ് അവസാനിപ്പിച്ചത്. വിജയ് ഫോണില്‍ വിളിക്കുമെന്ന് ടിവികെ പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ടിവികെ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദേശം നൽകിയിരുന്നു.
ദുരന്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് വിജയ് ഇരകളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ അതിവേഗത്തില്‍ ചെന്നൈക്ക് മടങ്ങിയ വിജയുടെ നടപടിയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഹൈക്കോടതി പോലും വിജയ്ക്ക് നേതൃഗുണമില്ലെന്ന് വിമര്‍ശിച്ചിരുന്നു. 41 പേരാണ് ടിവികെയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here