ടിവികെ പ്രവർത്തകൻ പൊലീസ് കസ്റ്റഡിയിൽ; നടപടി മദ്രാസ് ഹൈക്കോടതിയെ അപമാനിച്ചതിന്

കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെ ടിവികെ പ്രവർത്തകൻ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് നടപടി. ടിവികെ പ്രവർത്തകനായ നിർമ്മൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ദുരന്തത്തെക്കുറിച്ചുള്ള ജഡ്ജിയുടെ നിരീക്ഷണങ്ങളെയാണ് ടിവികെ നേതാവ് സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചത്. അപമാനകരമായ പരാമർശങ്ങളും ഫോട്ടോയും പോസ്റ്റ് ചെയ്തതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതി ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വിജയ് ഇരകളുടെ കുടുംബങ്ങളെ സന്ദർശിക്കാത്തതിനെക്കുറിച്ചും കോടതി ശക്തമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു.
ഇതിനെതിരെയാണ് ടിവികെ സുപ്രീം കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. നിലവിൽ, റാലിക്ക് അനുമതി വാങ്ങിയ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ ഉൾപ്പെടെ രണ്ട് ടിവികെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here