വിവി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; മേയര്‍ സ്ഥാനത്ത് എത്തുന്നതില്‍ ആശംസ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ഉറപ്പിച്ച ബിജെപി നേതാവ് വിവി രാജേഷിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മേയര്‍ തിരഞ്ഞെടുപ്പിനായി കൗണ്‍സില്‍ ഹാളില്‍ എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജേഷിനെ ഫോണില്‍ വിളിച്ചത്. മികച്ച പ്രവര്‍ത്തനത്തിന് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണ കൂടി ഉറപ്പിച്ചതോടെ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 പേരുടെ പിന്തുണ ബിജെപി ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി മേയര്‍ സ്ഥാനത്ത് എത്തുന്നത്. 29 കൗണ്‍സിലര്‍മാരുള്ള എല്‍ഡിഎഫ് ആര്‍.പി.ശിവജിയെയും 19 കൗണ്‍സിലര്‍മാരുള്ള യുഡിഎഫ് കെ.എസ്.ശബരിനാഥനെയും മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്.
വോട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ വോട്ടെണ്ണല്‍ തുടങ്ങും. വിജയി ആരെന്ന് വരാണാധികാരിയായ ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കും. പിന്നാലെ തന്നെ സത്യപ്രതിജ്ഞയും നടക്കും. ജി.എസ്.ആശാനാഥാണ് ബിജെപി ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. ഉച്ചയ്ക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here