ബിജെപി പ്രവേശനത്തിന് പിന്നാലെ ട്വന്റി 20ൽ പൊട്ടിത്തെറി; പ്രമുഖ നേതാക്കൾ കോൺഗ്രസിൽ

കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ട്വന്റി20-യിൽ വൻ പ്രതിസന്ധി. പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ഏകപക്ഷീയമായി എൻ.ഡി.എ മുന്നണിയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറി. പ്രമുഖ നേതാക്കളും ഒരു വിഭാഗം പ്രവർത്തകരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. 2026 ജനുവരി 22-ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് ട്വന്റി20 എൻ.ഡി.എയുടെ ഭാഗമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

ഈ നീക്കത്തിൽ പ്രതിഷേധിച്ച് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ പഞ്ചായത്ത് കോർഡിനേറ്റർ രഞ്ചു പുളിഞ്ചോടൻ, ഐക്കരനാട് പഞ്ചായത്ത് മുൻ മെമ്പറായ ജീൽ മാവേലി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വലിയ സംഘം പാർട്ടി വിട്ടു. രാജി വെച്ച നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ കോൺഗ്രസിലേക്ക് എത്തുമെന്നാണ് സൂചന. വടവുകോട്, ഐക്കരനാട് പഞ്ചായത്തുകളിൽ കോൺഗ്രസും ട്വന്റി20-യും തമ്മിൽ നിലനിന്നിരുന്ന ഭരണപരമായ സഹകരണം ഈ നീക്കത്തോടെ പ്രതിസന്ധിയിലായി.

Also Read : ട്വന്റി 20 എൻഡിഎയിലേക്ക്; മോദിക്കൊപ്പം സാബു നാളെ വേദിയിൽ; വിപ്ലവകരമായ മാറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

പാർട്ടിയുടെ ജനാധിപത്യപരമായ ചട്ടക്കൂടുകൾ ലംഘിച്ച്, തങ്ങളോട് ആലോചിക്കാതെയാണ് സാബു എം. ജേക്കബ് ബി.ജെ.പി സഖ്യത്തിന് തീരുമാനമെടുത്തതെന്ന് നേതാക്കൾ ആരോപിക്കുന്നു. ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി ട്വന്റി20 മാറിയെന്നും, മതനിരപേക്ഷ നിലപാടുള്ളവർക്ക് ഇനി ഈ പാർട്ടിയിൽ നിൽക്കാനാവില്ലെന്നും റസീന പരീത് വ്യക്തമാക്കി. റോയൽറ്റി കാർഡിന്റെ പേരിൽ ജാതിയും മതവും ചോദിച്ചുള്ള സർവേകൾ മുന്നണി പ്രവേശനത്തിനുള്ള തയ്യാറെടുപ്പായിരുന്നു എന്ന് നേതാക്കൾ ഇപ്പോൾ സംശയിക്കുന്നു.

സാബു എം. ജേക്കബ് തന്റെ കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനാണ് പാർട്ടിയെ ബി.ജെ.പിക്ക് അടിയറവ് വെച്ചതെന്നാണ് കോൺഗ്രസിന്റെയും വിമർശനം. എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ ട്വന്റി20-യെ തകർക്കാൻ ശ്രമിക്കുകയാണെന്നും, വികസന രാഷ്ട്രീയത്തിൽ താല്പര്യമുള്ള നരേന്ദ്ര മോദിയുടെ നിലപാടുകളോട് യോജിപ്പാണെന്നും സാബു എം. ജേക്കബ് പ്രതികരിച്ചു. പാർട്ടിയുടെ വോട്ട് വിഹിതം വർദ്ധിച്ചുവരുന്നതിലുള്ള ആശങ്കയാണ് ഇതര പാർട്ടികൾക്കെന്നും അദ്ദേഹം അവകാശപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top