കൃത്യമായ ആശയവിനിമയം നടന്നില്ല; പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളിയടക്കം രണ്ടുപേർ മരിച്ചു..

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു മലയാളിയടക്കം രണ്ടുപേർ മരിച്ചു. പരിശീലന പറക്കലിനിടെയാണ് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയാണ് മരിച്ച 23 കാരനായ ശ്രീഹരി സുകേഷ്. കാനഡയിലെ മാനിട്ടോബയിൽ സ്റ്റെയിന്‍ബാച്ച് സൗത്ത് എയർപോർട്ടിന് സമീപം ചൊവ്വാഴ്ച രാവിലെ 8.45-നാണ് അപകടം സംഭവിച്ചത്.
പരിശീലന പറക്കലിനിടെ ഇരുവരും ഒരേസമയം ലാൻഡ് ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. പരിശീലനത്തിന് ഉപയോഗിക്കുന്ന ചെറിയ റൺവേയിൽ നിന്ന് കുറച്ച് അകലെയാണ് അപകടം നടന്നത്. ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂളിന്റെ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായിരുന്ന സെസ്‌ന 152, സെസ്‌ന 172 എന്നിവയാണ് തകർന്നു വീണത്.
ഇരുദിശയിൽ നിന്നുള്ള വിമാനങ്ങൾ പരസ്പരം കാണാതെ പോയതും ഇവർ തമ്മിലുള്ള ആശയവിനിമയം കൃത്യമായി നടക്കാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തിരക്കേറിയ പരിശീലന കേന്ദ്രങ്ങളിൽ വിമാനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണമെന്നും വ്യക്തമായ ആശയ വിനിമയം നടത്തണമെന്നും കർശന നിയമങ്ങൾ നിലനിൽക്കവേയാണ് ഇങ്ങനെ ഒരു വീഴ്ച്ച സംഭവിച്ചത്.
ശ്രീഹരിയുടെ സഹപാഠിയും കാനഡ സ്വദേശിയുമായ സാവന്ന മെയ് റോയ്സ് ആണ് മരിച്ച രണ്ടാമത്തെ വിദ്യാർത്ഥി. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇരുവിമാനങ്ങളിലും പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ വ്യക്തിയായിരുന്നു ശ്രീഹരി. കൊമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. എന്നാൽ സാവന്ന സ്വകാര്യ ലൈസൻസിനുള്ള പ്രാഥമിക പരിശീലനമാണ് നടത്തിയത്.
ശ്രീഹരിയുടെ മൃതദേഹം എത്രയും പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. തൃപ്പൂണിത്തറ സ്വദേശികളായ സുകേഷിന്റെയും ദീപയുടെയും മകനാണ് മരിച്ച ശ്രീഹരി. അപകടത്തിന് പിന്നാലെ കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here