സ്വവർഗ പ്രണയത്തിന് നാടിന്റെ അംഗീകാരം; ക്ഷേത്രത്തിൽ വിവാഹിതരായി യുവതികൾ

സ്നേഹത്തിന് അതിരുകൾ ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ടു യുവതികൾ. പശ്ചിമ ബംഗാളിലെ സുന്ദർബൻസ് മേഖലയിൽ നിന്നാണ് ഹൃദയസ്‌പർശിയായ ഈ വാർത്ത വരുന്നത്. സ്വവർഗ ബന്ധങ്ങളെക്കുറിച്ചുള്ള സാമൂഹിക മാനദണ്ഡങ്ങളെയും പ്രതീക്ഷകളെയും ധൈര്യത്തോടെ മറികടന്നാണ് 19 വയസ്സുള്ള റിയ സർദാറും 20 വയസ്സുള്ള രാഖി നസ്‌കറും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്.

ചൊവ്വാഴ്ചയാണ് റിയയും രാഖിയും വിവാഹിതരായത്. കോടതിയുടെയോ പുരോഹിതന്റെയോ സാന്നിധ്യമില്ലാതെ, നാട്ടുകാരെ സാക്ഷി നിർത്തിയാണ് ഇവർ വിവാഹം കഴിച്ചത്. രണ്ടു വർഷം മുൻപാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവർക്കിടയിൽ ഉണ്ടായ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

രാഖിയുടെ മാതാപിതാക്കൾ ഈ ബന്ധം അംഗീകരിച്ചില്ല, അതിനാൽ രാഖി വീടുവിട്ടിറങ്ങി. എന്നാൽ, റിയയുടെ കുടുംബം അവർക്ക് പിന്തുണ നൽകി. കൂടാതെ അയൽവാസികളോടും പ്രാദേശിക ക്ലബ്ബുകളോടും സംസാരിച്ചു. ടിവിയിലൂടെയും ഫോണിലൂടെയും സ്വവർഗ്ഗ വിവാഹങ്ങളെക്കുറിച്ച് കേട്ടിരുന്ന നാട്ടുകാർ, ഈ സ്നേഹബന്ധത്തെ അംഗീകരിക്കുകയും, എതിർപ്പില്ലാതെ, വിവാഹത്തിന് സഹായിക്കുകയും ചെയ്തു.

ക്ഷേത്രത്തിൽ വെച്ച് മാലയിട്ടും സിന്ദൂരം ചാർത്തിയും അവർ ഒരുമിച്ചുള്ള ജീവിതം തുടങ്ങി.”ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്റെ കുടുംബം ഞങ്ങളെ പിന്തുണച്ചതുകൊണ്ടാണ് ഇന്ന് വിവാഹിതരായത്. ഞങ്ങൾ രണ്ടു വർഷമായി ഒന്നിച്ചാണ്. രണ്ടുപേർ ജീവിതം പങ്കിടാൻ ആഗ്രഹിക്കുമ്പോൾ, ലിംഗഭേദം ഒരു തടസ്സമല്ല. സ്‌നേഹം മാത്രം മതി.” എന്നാണ് ഇവർ പ്രതികരിച്ചത്. റിയയുടെയും രാഖിയുടെയും ഈ ധീരമായ തീരുമാനം സ്നേഹത്തിന് ലിംഗഭേദമില്ലെന്ന് തെളിയിക്കുന്ന വലിയ സന്ദേശമാണ് നൽകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top