മലയാളികൾ വായിനോക്കികളോ?; ‘ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങള്‍’ വിവാദ പ്രസംഗവുമായി യു പ്രതിഭ എംഎൽഎ

കട ഉദ്ഘാടനങ്ങൾക്ക് സിനിമാതാരങ്ങളെ ക്ഷണിക്കുന്നതിനെതിരെയും അവരുടെ വസ്ത്രധാരണത്തെക്കുറിച്ചും നടത്തിയ പരാമർശങ്ങളിലൂടെ കായംകുളം എംഎൽഎ യു പ്രതിഭ വിവാദത്തിൽ. ‘ഉടുപ്പിടാത്ത സിനിമാതാരങ്ങൾ ഉദ്ഘാടനങ്ങൾക്ക് വരുന്നു’ എന്നും ‘ഇത്രക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ?’ എന്നുമുള്ള എംഎൽഎയുടെ ചോദ്യങ്ങളാണ് വിവാദമായത്.
കായംകുളത്ത് എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം വാർഷിക ആഘോഷത്തിൻ്റെ സമാപന സമ്മേളനത്തിലാണ് എംഎൽഎയുടെ സദാചാര പ്രസംഗം. “ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ?” എന്ന് എംഎൽഎപ്രസംഗത്തിനിടെ ചോദിച്ചു. ഇത്തരം രീതികൾ മാറണമെന്നും, ‘തുണി ഉടുത്ത് വന്നാൽ മതി’ എന്ന് ആവശ്യപ്പെടണമെന്നും എംഎൽഎ പറഞ്ഞു.
തൻ്റെ വാക്കുകൾ സദാചാര പ്രസംഗം ആണെന്ന് പറഞ്ഞ് ആരും രംഗത്ത് വരേണ്ടതില്ലെന്നും, മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണ് എന്നും യു പ്രതിഭ എംഎൽഎ കൂട്ടിച്ചേർത്തു. “തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് ചോദ്യം ചെയ്യാനൊന്നും അവകാശമില്ല,” എന്ന് പറഞ്ഞ എംഎൽഎ.
“വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റ് ചെയ്യുന്നതാണ് രീതി” എന്നും വിമർശിച്ചു. എംഎൽഎയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിലും രാഷ്ട്രീയ രംഗത്തും ചൂട് പിടിച്ച ചർച്ചയാവുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here