ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട് ഹൈക്കോടതി; അന്വേഷണത്തില്‍ സിബിഐക്ക് വീഴ്ചയെന്ന് വിമര്‍ശനം

തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. കേസില്‍ പ്രതികളായ മുഴുവന്‍ പോലീസുകാരേയും ഹൈക്കോടതി വെറുതെവിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന ഗൗരവമായ വിമര്‍ശനം ഉന്നയിച്ചാണ് ഹൈക്കോടതി നടപടി. ആറു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് സിബിഐ കോടതി വധശിക്ഷയും മറ്റ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും ശിക്ഷയാണ് വിധിച്ചിരുന്നത്. ഈ വിധി പൂര്‍ണ്ണമായും ഹൈക്കോടതി റദ്ദാക്കി.
2005 സെപ്തംബര്‍ 27നാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. മോഷണം സംശയിച്ചാണ് അറസ്റ്റ് ചെയ്തത്. കൈവശം ഉണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുക ആയിരുന്നു. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നത്.
കെ ജിതകുമാര്‍, എസ്.വി ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാരാണ് ഉദയകുമാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ടി അജിത്ത് കുമാര്‍, ഇകെ സാബു, ടികെ ഹരിദാസ് എന്നീ ഉദ്യോഗസ്ഥര്‍ ഇത് മറച്ചുവയ്ക്കാന്‍ ഗൂഡാലോചന നടത്തി. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ നിമപോരാട്ടത്തെ തുടര്‍ന്നാണ് കേസില്‍ സിബിഐ എത്തിയത്.
സോമന്‍ എന്ന ഉദ്യോഗസ്ഥന്‍ വിചാരണ സമയത്ത് തന്നെ മരണപ്പെട്ടു. 2018 ജൂലൈ 25നാണ് സിബിഐ കോടതി കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയും ടി അജിത്ത് കുമാര്‍, ഇകെ സാബു, ടികെ ഹരിദാസ് എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചത്. ഇതില്‍ എസ്‌വി ശ്രീകുമാര്‍ ശിക്ഷ അനുഭവിക്കുന്നതിന് ഇടയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ജിതകുമാര്‍ പൂജപ്പുര ജയിലില്‍ തടവിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here