മുന്നണി യോഗത്തില്‍ കയറ്റില്ല; യുഡിഎഫ് എന്ന് പറയാം; അന്‍വറിന്റേയും ജാനുവിന്റേയും അസോസിയേറ്റ് ജീവിതം ഇങ്ങനെ

ഏറെ നാളായി യുഡിഎഫ് പ്രവേശനം കാത്ത് നിന്നതാണ് പിവി അന്‍വര്‍. സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വെല്ലുവിളിച്ച് എംഎല്‍എ സ്ഥാനം രാജിവച്ചപ്പോള്‍ മുതല്‍ അന്‍വറിന്റെ ഏക ലക്ഷ്യം ഇതായിരുന്നു. എന്നാല്‍ അമിത ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കടുത്ത നിലപാട് എടുത്തു. അന്ന് മുതല്‍ അന്‍വര്‍ മുന്നണി പ്രവേശനം തേടി അലയുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും അടക്കം ഇതിനിടെ കടന്നു പോയി. അന്‍വര്‍ പ്രതീക്ഷയോടെ നിന്നെങ്കിലും ഒന്നുമുണ്ടായില്ല.

ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് അന്‍വറിനെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി പാര്‍ട്ടിയെ ഒപ്പം നിര്‍ത്തണം എന്ന് പ്രിയങ്ക ഗാന്ധി നിലപാട് എടുത്തതോടെ ജാനുവും യുഡിഎഫിന്റെ ഭാഗമായി. അസോസിയേറ്റ് അംഗമാക്കിയാണ് ഇരുവരേയും ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഘടകക്ഷികള്‍ക്ക് ലഭിക്കുന്ന എല്ലാ പ്രാധാന്യവും അന്‍വറിനും ജാനുവിനും ലഭിക്കില്ല.

യുഡിഎഫ് യോഗ്ങ്ങളില്‍ ഇരുവര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. പുറത്ത് നിന്ന് സഹകരിക്കുന്ന ഒരു പാര്‍ട്ടി മാത്രമായി ഇരുകൂട്ടര്‍ക്കും പ്രവര്‍ത്തിക്കാം. സീറ്റിന്റെ കാര്യത്തില്‍ അഭിപ്രായം മുന്നണി നേതൃത്വത്തെ അറിയിക്കാം. എന്നാല്‍ മുന്നണി യോഗത്തില്‍ അതിനായി വാദിക്കാനും കഴിയില്ല. ഫലത്തില്‍ യുഡിഎഫിന്റെ ഭാഗമാണെന്ന് പറയാം എന്ന് മാത്രം. മുന്നണി നേതൃത്വം ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനം അംഗീകരിച്ച് പ്രവര്‍ത്തിക്കുകയും വേണം. എല്‍ഡിഎഫില്‍ ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top