ജോസ് കെ മാണിയുടെ പിന്നാലെ കോണ്‍ഗ്രസ് നടക്കരുതെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം; കരിഞ്ഞ ഇലക്ക് വെള്ളമൊഴിക്കരുത്

യുഡിഎഫ് വിപുലീകരണത്തിന്റെ പേരില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തി. കോണ്‍ഗ്രസിനുള്ളില്‍ നിന്നാണ് ജോസ് കെ മാണിയെ ഒപ്പം കൂട്ടണം എന്ന അഭിപ്രായം പരസ്യമായി വരുന്നത്. മുന്നണിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച പോലും ഇല്ലാതെ ഈ അഭിപ്രായം പരസ്യമായി ഉന്നയിക്കുന്നതിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് എതിര്‍പ്പ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടിത്. പാലയില്‍ പോലും ഭരണം നഷ്ടമായ അവസ്ഥയാണ്. ഇത് ഉന്നയിച്ചാണ് ജോസഫ് വിഭാഗം നീക്കം ശക്തമാക്കുന്നത്.
രണ്ടില കൊഴിയുകയും കരിയുകയും ചെയ്യുമ്പോള്‍ വെളളം ഒഴിച്ചുകൊടുക്കുന്ന ജോലി യുഡിഎഫ് ചെയ്യേണ്ടതില്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് തന്നെ ഇക്കാര്യത്തില്‍ പരസ്യ വിമര്‍ശനം നടത്തി. ജോസ് കെ മാണിയുടെ പുറകെ നടന്ന് വരുന്നുണ്ടോ വരുന്നുണ്ടോയെന്ന് ചോദിക്കേണ്ട എന്താവശ്യം എന്ന ചോദ്യമാണ് മോന്‍സ് ഉന്നയിക്കുന്നത്. ഒപ്പം ജോസ് കെ മാണി വരുന്നതില്‍ എതിര്‍പ്പില്ലെന്നും പറയുന്നുണ്ട്.
കെഎം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ജോസഫിനൊപ്പമാണ് കോണ്‍ഗ്രസും യുഡിഎഫും നിന്നത്. ഇതോടെയാണ് ജോസ് കെ മാണിയും കൂട്ടരും അപമാനിതരായി എല്‍ഡിഎഫിലേക്ക് ചേക്കേറിയത്. ഇതോടെ ഭരണ തുടര്‍ച്ച എന്ന വലിയ നേട്ടം എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പോടെ കളം ആകെ മാറി. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിലേക്ക് ക്ഷണവുമായി എത്തുന്നത്. ഇതോടെ തങ്ങള്‍ക്ക് ശക്തിയുണ്ടെന്നും അതുകൊണ്ടാണ് യുഡിഎഫ് പിന്നാലെ വരുന്നതെന്നും പറഞ്ഞ് മേല്‍ക്കൈ നേടുകയാണ് ജോസ് കെ മാണിയും സംഘവും ചെയ്യുന്നത്.
കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ എത്തിയാല്‍ തങ്ങളുടെ പ്രസക്തി കുറയും എന്ന ഭയം ജോസഫ് വിഭാഗത്തിനുണ്ട്. പിജെ ജോസഫിന്റെ അനാരോഗ്യം കാരണം പാര്‍ട്ടി ഇപ്പോള്‍ ഏറെക്കുറേ മോന്‍സ് ജോസഫിന്റെ കൈകളിലാണ്. മോന്‍സിനാകട്ടെ ജോസഫിന്റെ അത്രയും സ്വീകാര്യത പാര്‍ട്ടിയില്‍ ഇല്ല. കോട്ടയം എംപിയായ ഫ്രാന്‍സിസി ജോര്‍ജാണ് പിന്നെയുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ നേട്ടത്തിന് ഈ നേതൃത്വം പോരെന്ന അഭിപ്രായം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് തന്നെയാണ് ജോസ് കെ മാണിയെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനിന്നവര്‍ മുന്നണിയിലെത്തുന്നത് യുഡിഎഫിനെ കളങ്കപ്പെടുത്തും എന്ന നിലപാടില്‍ പിടിച്ചു നില്‍ക്കാനാണ് പിജെ ജോസഫ് ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് എത്ര സ്വീകാര്യത ലഭിക്കും എന്നറിയണം. പ്രത്യേകിച്ചും ചില ക്രൈസ്തവ സഭകളില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ തിരിച്ചെടുക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടുള്ള സാഹചര്യത്തില്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here