അന്‍വറിനായി കടുപ്പിച്ച് മുസ്ലിം ലീഗ്; യുഡിഎഫിന് ഒപ്പം ഉണ്ടാകണമെന്ന് പാണക്കാട് സാദിഖ് അലി തങ്ങള്‍; ആര്യാടന്‍ ഷൗക്കത്തിന്റെ എതിര്‍പ്പ് കാര്യമാക്കില്ല

പിവി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തണം എന്ന് പരസ്യമായി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് അന്‍വര്‍ മുന്നണിക്ക് ഒപ്പം ഉണ്ടാകണം എന്ന് പാണക്കാട് സാദിഖ് അലി തങ്ങള്‍ ഏഷ്യാനെറ്ര് ന്യൂസിലെ ലൗഡ് സ്പീക്കര്‍ എന്ന പരിപാടിക്ക് അനുവദിച്ച് അഭിമുഖത്തില്‍ വ്യക്തമാക്കി. ആദ്യമായാണ് അന്‍വറിനായി ലീഗിന്റെ ഭാഗത്ത് നിന്നും ഒരു പരസ്യമായ ആവശ്യം ഉയരുന്നത്. മുന്നണി യോഗങ്ങളില്‍ ലീഗ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരുന്നു. അതിന് അനുകൂലമായ തീരുമാനം കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുളള ചില കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് പ്രഖ്യാപനം വൈകാന്‍ കാരണം.

നിലവില്‍ പല പഞ്ചായത്തുകളിലും അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫുമായി ധാരണയുണ്ടായാല്‍ ഈ സ്ഥാനര്‍ത്ഥികളെ അന്‍വര്‍ പിന്‍വലിക്കുമെന്നും തങ്ങള്‍ പറയുന്നു. ഇതിലൂടെ ലീഗും അന്‍വറും തമ്മിലുള്ള ധാരണ ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. സിപിഎം ബന്ധം ഉപേക്ഷിച്ചപ്പോള്‍ തന്നെ അന്‍വറിനെ ഒപ്പം നിര്‍ത്തണം എന്ന് ലീഗിന് അഭിപ്രായം ഉണ്ടായിരുന്നു. അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ച് പറയുന്നത്.

ALSO READ : സതീശന്റെ നേതൃത്വം അംഗീകരിച്ച് പിവി അന്‍വര്‍; ജാനുവിനൊപ്പം യുഡിഎഫില്‍ സഹകരിപ്പിക്കും; വാഗ്ദാനങ്ങളൊന്നുമില്ല

അന്‍വറിന്റെ കാര്യത്തില്‍ ആദ്യം മുതല്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്നോട്ട് പോയത് ലീഗിന്റെ ഈ അമിത താല്പ്പര്യം മനസിലാക്കി തന്നെയാണ്. കൂടാതെ സതീശന്റെ നേതൃത്വം അംഗീകരിക്കാമെന്ന അന്‍വറിന്റെ ഉറപ്പും മുന്നണിയിലെ ചര്‍ച്ചകള്‍ സുഗമമാക്കി. ഇനി ധാരണയാകാനുളളത് കോണ്‍ഗ്രസില്‍ മാത്രമാണ്.

നിലമ്പൂര്‍ എംഎല്‍എ ആയ ആര്യാടന്‍ ഷൗക്കത്തിന്റെ എതിര്‍പ്പാണ് കോണ്‍ഗ്രസ് തീരുമാനം വൈകിപ്പിക്കുന്നത് എന്നാണ് വിവരം. ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദിന്റ കാലത്ത് തന്നെ മുസ്ലിം ലീഗുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. അത് തന്നെയാണ് ഷൗക്കത്തും തുടരുന്നത്. ഈ എതിര്‍പ്പ് നേരിടുക എന്ന ലീഗ് ലക്ഷ്യവും അന്‍വറിനോടുള്ള താല്‍പ്പര്യത്തിന് പിന്നിലുണ്ട് എന്നത് വ്യക്തമാണ്.

അഭിമുഖത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനവും പാണക്കാട് സാദിഖ് അലി തങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ അനിഷ്ടം തന്നെയാണ് തങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതിലെ കോണ്‍ഗ്രസ് പ്രതികരണമാണ് ഇനി അറിയാനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top