ഭരണം പിടിക്കാൻ ഇതുപോരാ; മുന്നണി വിപുലീകരിക്കണം, യുഡിഎഫിൽ ചർച്ച സജീവം; വഴങ്ങാതെ കോൺഗ്രസ്

മുന്നണി വിപുലീകരണത്തെക്കുറിച്ച് ആലോചിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും ബാലികയറാ മലയാകുമോയെന്ന ആശങ്ക യുഡിഎഫില്‍ ശക്തമാകുന്നു. നിലവിലുള്ള രീതിവച്ചുകൊണ്ട് ഭരണം തിരിച്ചുപിടിക്കുക ദുഷ്‌കരമാകും എന്നാണ് മുന്നണിയിലെ ഘടകകക്ഷിയിലെ ഒരു വിഭാഗം ഉള്‍പ്പെടെ വിലയിരുത്തുന്നത്. ഇത്തവണയെങ്കിലും ഭരണത്തില്‍ എത്താനായില്ലെങ്കില്‍ യുഡിഎഫിന്‍റെ നിലനിൽപ് തന്നെ അപകടത്തിലാകുമെന്ന ആശങ്കയും ഇവര്‍ക്കിടയില്‍ ബലപ്പെടുകയാണ്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനെ കൊണ്ടുവരുക എന്നതാണ് എല്ലാവരുടെയും മനസിലെങ്കിലും അത് ഉടനെങ്ങും നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
നിലവില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും എന്ന നിലയില്‍ മാത്രമാണ് യുഡിഎഫ്. കേരള കോണ്‍ഗ്രസ് (ജോസഫ്) ഉണ്ടെങ്കില്‍പോലും അത്ര ശക്തമല്ല. കേരളത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്, രണ്ടു കക്ഷികളെ വച്ച് ഭരണം പിടിക്കുക എന്നത് പ്രായോഗികമല്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് ഘടകകക്ഷികളില്‍ നിന്നുള്‍പ്പെടെ ആവശ്യം ഉയരുമ്പോള്‍, ഈ നിലയില്‍ മുന്നോട്ടുപോയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. നിലവിലെ സാഹചര്യത്തിൽ വിപുലീകരണത്തിന് ഇറങ്ങിത്തിരിച്ചിട്ട് നടക്കാതെ വന്നാൽ യുഡിഎഫിന് ആത്മവിശ്വാസക്കുറവ് എന്ന പ്രതീതിയുമാകും.
ഭരണം പിടിക്കണമെങ്കില്‍ യുഡിഎഫിന് 71 സീറ്റ് അനിവാര്യമാണ്. നിലമ്പൂര്‍ കൂടി ജയിച്ചതോടെ 43 സീറ്റാണ് യുഡിഎഫിന് ഇപ്പോൾ നിയമസഭയിലുള്ളത്. അതില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്നു സസ്പെൻഷനിലാണ്. അതായത്, 30 സീറ്റുകള്‍ കൂടിയെങ്കിലും അധികമായി നേടിയാല്‍ മാത്രമേ ഭരണം തിരിച്ചുപിടിക്കാനാകൂ. കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകളും മാത്രം വച്ചുകൊണ്ട് ഇത് സാദ്ധ്യമാകുമോയെന്ന ചോദ്യം മുന്നണിക്കുള്ളില്‍ ശക്തമാണ്. സീറ്റുകള്‍ കൊണ്ടുവരുന്നതിനായി ലീഗും കോണ്‍ഗ്രസും കഴിഞ്ഞ് ശക്തമായ മറ്റൊരുകക്ഷി ഇല്ല എന്നതാണ് മുന്നണിയെ വലയ്ക്കുന്നത്.
Also Read: ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം!! മുൻ കേരള അമീറിൻ്റെ പ്രസംഗം പുറത്ത്; വിഡി സതീശൻ കേൾക്കണം
നിലവില്‍ ലീഗിന് 15 സീറ്റും കോണ്‍ഗ്രസിന് 22 സീറ്റുമാണുള്ളത്. ജോസഫ്, ജേക്കബ് ഗ്രൂപ്പുകള്‍ക്കും ആര്‍എംപിക്കും മാണി സി. കാപ്പനും ഓരോ സീറ്റ് മാത്രം. ലീഗിന്‍റെ സീറ്റ് 15ല്‍ നിന്നും 20 ആകുമെന്ന് കണക്കാക്കിയാലും, കോണ്‍ഗ്രസ് ഇപ്പോഴത്തേതിൽ നിന്ന് അധികമായി 25 സീറ്റെങ്കിലും ജയിച്ചാല്‍ മാത്രമേ ഭരണം പിടിക്കാനാകൂ. എന്നാല്‍, 2001ലെ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിന് അത്തരത്തിലൊരു വിജയം കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്നണി വിപുലീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം എന്നാണ് മുന്നണിക്കുള്ളിൽ പൊതുവിലുള്ള അഭിപ്രായം.
Also Read: എസ്എന്‍ഡിപി വേദിയിലേക്ക് വിഡി സതീശൻ; വെള്ളാപ്പള്ളി നടേശന്റെ അറിവോടെയോ ഈ നീക്കം
ഇന്നത്തെ സ്ഥിതിയില്‍ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസമാണ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ പ്രബലമായൊരു വിഭാഗത്തിനുള്ളത്. മുന്നണി വിപുലീകരണത്തെ ഇക്കൂട്ടർ അത്രയൊന്നും അനുകൂലിക്കുന്നില്ല എന്നതാണ് സ്ഥിതി. മുന്നണി വിപുലീകരിച്ചാല്‍ അത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആശങ്കയാണ് കാരണം. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിലെ പല നേതാക്കളും ജയസാധ്യതയുള്ള സീറ്റുകളില്‍ കണ്ണുവച്ചിരിക്കുകയാണ്. അതിനിടയില്‍ പുതിയ ഘടകക്ഷികൾക്കു വേണ്ടി അവ നഷ്ടപ്പെടുന്ന സ്ഥിതിയാൽ സ്വാഭാവികമായും തിരിച്ചടികൾ ഉണ്ടാകും.
Also Read: ‘യുഡിഎഫിന് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു’; വെളിപ്പെടുത്തലുമായി കെ മുരളീധരൻ
കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു പ്രധാന കാരണം. അവര്‍ കൂടെയുണ്ടായിരുന്നപ്പോള്‍ മദ്ധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസും മാണി ഗ്രൂപ്പും ചേര്‍ന്ന് നല്ലൊരു ശക്തിയായി നിലകൊണ്ടിരുന്നു. മലബാറില്‍ ലീഗിന്‍റെ കരുത്തും. ഭരണം പിടിക്കാൻ മുന്നണിയെ ഇതേറെ സഹായിച്ചിട്ടുണ്ട്. ഈ സമവാക്യം ഇപ്പോഴില്ല. അതുകൊണ്ടുതന്നെ മാണി ഗ്രൂപ്പിനെ ഒപ്പം കൊണ്ടുവരാനുള്ള നീക്കം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇതിൽ ലീഗിനും താത്പര്യമുണ്ട്. അതോടൊപ്പം ഇടതുമുന്നണിയില്‍ അസ്വസ്ഥരായിരിക്കുന്ന ആര്‍ജെഡി പോലുള്ള പാര്‍ട്ടികളെയും ഒപ്പം കൊണ്ടുവരണമെന്ന ആവശ്യവും ഉണ്ട്.
സമുദായങ്ങളുടെ ഒരു രാഷ്ട്രീയ കൂട്ടായ്മയായാണ് യുഡിഎഫിനു രൂപം നല്‍കിയവര്‍ അതിനെ വിഭാവനം ചെയ്തിരുന്നത്. അന്ന് പാര്‍ട്ടികളുടെ ഘടനയും ആ നിലയിലായിരുന്നു. മുസ്ലീം വിഭാഗത്തെ പ്രതിനിധാനം ചെയ്ത് ലീഗ്, ക്രിസ്തീയ വിഭാഗങ്ങള്‍ക്കായി കേരള കോണ്‍ഗ്രസുകള്‍, എന്‍എസ്എസിന് കേരള കോൺഗ്രസിന്‍റെ തന്നെ ബാലകൃഷ്ണപിള്ള ഗ്രൂപ്പ്, പിന്നെ എല്ലാവരെയും പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസും. ഒരുഘട്ടത്തില്‍ എന്‍ഡിപി, എസ്ആര്‍പി പോലുള്ള സാമുദായിക പാര്‍ട്ടികളും ആ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ, ഇപ്പോൾ അത്തരം സിദ്ധാന്തങ്ങളൊന്നും പ്രയോഗത്തിലില്ല.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ മുസ്ലീം ന്യൂനപക്ഷമാണ് യുഡിഎഫിനെ അധികാരത്തില്‍ നിന്ന് അകറ്റിയതില്‍ പ്രധാന പങ്കുവഹിച്ചത്. അത് മറികടക്കാനായാണ് ഇക്കുറി നേരത്തെതന്നെ ജമാ അത്തെ ഇസ്ലാമിയുമായി പരസ്യമായും എസ്‌ഡിപിഐയുമായി രഹസ്യമായും ധാരണയുണ്ടാക്കി, മുസ്ലീം വിഭാഗങ്ങളുടെ ഏകീകരണത്തിന് ലീഗ് മുന്‍കൈയെടുക്കുകയും, യുഡിഎഫ് അതിന് ഒപ്പം നൽക്കുകയും ചെയ്തത്. എന്നാല്‍, അതിനിടെ ഇരുട്ടടി പോലെ എന്‍എസ്എസും എസ്എന്‍ഡിപിയും പെട്ടെന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായ നിലപാട് സ്വീകരിച്ച് രംഗത്തുവന്നു. എക്കാലവും യുഡിഎഫിന്‍റെ വിശ്വസ്ത വോട്ടുബാങ്കായ നായര്‍ വിഭാഗത്തില്‍ ഇത് വിള്ളല്‍ വീഴ്ത്തുമോയെന്ന ആശങ്ക ശക്തമാണ്. അതോടൊപ്പം, ക്രിസ്ത്യൻ വിഭാഗങ്ങളെ പ്രതിനിധീകരിക്കാന്‍ മുന്നണിയില്‍ ആരുമില്ലാത്തതും യുഡിഎഫിനുള്ളിലെ ആശങ്ക ശക്തമാക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here