ഇനിയും റഷ്യക്ക് വേണ്ടി പൊരുതാൻ വയ്യ; യുക്രെയ്ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി ഇന്ത്യൻ വിദ്യാർത്ഥി

റഷ്യക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ പൗരനെ പിടികൂടിയതായി യുക്രെയ്ൻ സൈന്യം. യുക്രെയ്ൻ സൈന്യത്തിലെ 63-ാമത് മെക്കനൈസ്ഡ് ബ്രിഗേഡാണ് യുവാവിനെ പിടികൂടിയതായി. ഗുജറാത്തിലെ മോർബി സ്വദേശിയായ മജോട്ടി സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന 22 വയസ്സുകാരനാണ് പിടിയിലായത്. ഇദ്ദേഹം റഷ്യയിൽ വിദ്യാർത്ഥിയായി പഠിക്കാൻ പോയതായിരുന്നു. യുക്രെയ്ൻ സൈന്യം ഹുസൈൻ്റെ വീഡിയോ ക്ലിപ്പുകളും പുറത്തുവിട്ടിട്ടുണ്ട്.
റഷ്യയിൽ വച്ച് താൻ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുകയും ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നും ശിക്ഷ ഒഴിവാക്കാനായി റഷ്യൻ സൈന്യവുമായി കരാറിൽ ഒപ്പിട്ട് യുദ്ധത്തിൽ ചേരുകയായിരുന്നു എന്ന് ഹുസൈൻ വീഡിയോയിൽ പറയുന്നു. “എനിക്ക് ജയിലിൽ കഴിയാൻ താൽപ്പര്യമില്ലായിരുന്നു, അതിനാൽ ‘പ്രത്യേക സൈനിക ഓപ്പറേഷനിൽ’ ചേരുന്നതിനുള്ള കരാറിൽ ഒപ്പിട്ടു. എനിക്ക് അവിടുന്ന് രക്ഷപ്പെടണം എന്ന് ആഗ്രഹമുണ്ടായിരുന്നു,” ഹുസൈൻ പറഞ്ഞു.
Also Read : ‘ഇന്ത്യയെ പ്രകോപിപ്പിക്കരുത്…’ അമേരിക്കക്ക് മുന്നറിയിപ്പുമായി പുടിൻ
16 ദിവസത്തെ പരിശീലനത്തിന് ശേഷം ഒക്ടോബർ 1-ന് തൻ്റെ ആദ്യ പോരാട്ട ദൗത്യത്തിന് പോയെന്നും മൂന്ന് ദിവസത്തിന് ശേഷം തൻ്റെ കമാൻഡറുമായി വഴക്കുണ്ടായതിനെ തുടർന്ന് യുക്രെയ്ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി എന്നും ഹുസൈൻ വ്യക്തമാക്കി.”എനിക്ക് പോരാടാൻ താൽപ്പര്യമില്ല, എനിക്ക് സഹായം വേണം. റഷ്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹമില്ല. ഇവിടെ ജയിലിൽ കഴിയുന്നതാണ് അതിലും നല്ലത്,” ഹുസൈൻ കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യത്തിൽ ചേർന്നാൽ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
കീവിലെ ഇന്ത്യൻ എംബസി ഈ റിപ്പോർട്ടുകളുടെ സത്യാവസ്ഥ പരിശോധിച്ചുവരികയാണ്. ഇതുവരെ യുക്രെയ്ൻ ഭാഗത്ത് നിന്ന് ഇന്ത്യക്ക് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. റഷ്യൻ സൈന്യത്തിൽ നിർബന്ധമായി ചേർക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ജോലി വാഗ്ദാനം ചെയ്തും മറ്റും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മൂന്നാം കക്ഷി രാജ്യങ്ങളിലെ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും അവരെ യുദ്ധമുന്നണിയിലേക്ക് അയക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുറഞ്ഞത് 27 ഇന്ത്യൻ പൗരന്മാരെങ്കിലും ഇപ്പോഴും റഷ്യൻ സൈന്യത്തിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം മുമ്പ് സ്ഥിരീകരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here