വിദേശികൾ കുട്ടികളെ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ അവ്യക്തത; കൂടുതൽ പരിശോധനക്ക് പൊലീസ്

കൊച്ചിയിൽ ചികിത്സക്കെത്തിയ ഒമാൻ കുടുംബമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ പൊലീസിൻ്റെ കസ്റ്റഡിയിൽ ഇരിക്കുന്നത്. ഒരിടവേളക്ക് ശേഷം കിഡ്നാപ് കേസെന്ന് വാർത്ത പ്രചരിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് പരാതിയിൽ കഴമ്പില്ല എന്ന സൂചനകൾ കിട്ടിയത്. ഉണ്ടായത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ലെന്നും കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാം എന്നുമാണ് വിവരം.

ഇന്നലെ രാത്രിയാണ് ഇടപ്പള്ളിയിൽ പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതി ഉണ്ടായത്. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശികളായ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത്. കാർ തിരിച്ചറിഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. അപരിചിതർ മിഠായി നീട്ടിയപ്പോൾ കുട്ടികൾ പേടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനമെന്ന് കൊച്ചി സെന്‍ട്രല്‍ അസിസ്റ്റൻ്റ് കമ്മിഷണർ സിബി ടോം മാധ്യമങ്ങളോട് വിശദീകരിച്ചു.

കുട്ടികളുടെ മാതാപിതാക്കളെ കൂടി വിളിച്ച് പരാതിയിൽ വ്യക്തത വരുത്തും. പെൺകുട്ടികൾ ട്യൂഷന് പോകുന്ന വഴിയിലാണ് സംഭവമുണ്ടായത്. കാര്‍ ഇവരുടെ അടുത്തു നിര്‍ത്തി, പിന്‍ സീറ്റിൽ ഇരുന്നയാള്‍ കുട്ടികള്‍ക്ക് നേരേ മിഠായി നീട്ടുകയായിരുന്നു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ബലം പ്രയോഗിച്ച് കാറിനടത്തേക്ക് വലിച്ചെന്നും കുട്ടികൾ പറഞ്ഞു. ഈ സമയത്ത് അവിടേക്ക് കുരച്ചെത്തിയ നായയാണ് രക്ഷിച്ചത് എന്നായിരുന്നു കുട്ടികളുടെ മൊഴി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top