’16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വേണ്ട’; ഓസ്‌ട്രേലിയ നിയമം ഇന്ത്യയിലും വേണമെന്ന് ഹൈക്കോടതി

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്‌ട്രേലിയൻ സർക്കാരിന്റെ മാതൃകയിൽ ഇന്ത്യയിലും കർശന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാനാണ് കോടതി നിർദ്ദേശിച്ചത്.

കുട്ടികൾ ഇന്റർനെറ്റിലെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾ ‘പേരന്റൽ വിൻഡോ’ (Parental Window) സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ ജി ജയചന്ദ്രൻ, കെകെ രാമകൃഷ്ണൻ എന്നിവരുടേതാണ് ഈ നിരീക്ഷണം.

നിയമം വരുന്നതുവരെ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ ശക്തമായ ബോധവൽക്കരണം നടത്തണം. ഓരോ ഉപകരണത്തിലും മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ആപ്പുകൾ ലഭ്യമാകണം. ഉപയോക്താക്കളുടെ ഭാഗത്തുനിന്നുള്ള നിയന്ത്രണമാണ് ഏറ്റവും പ്രധാനം.

കുട്ടികൾ വളരെ വേഗത്തിൽ ചൂഷണങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളവരാണെന്നും ഇക്കാര്യത്തിൽ മാതാപിതാക്കളുടെ ഉത്തരവാദിത്തം വലുതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷനുകൾ ഇതുമായി ബന്ധപ്പെട്ട് കർമ്മപദ്ധതികൾ തയ്യാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. ഫെയ്സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഈ പ്രായപരിധിയിലുള്ള കുട്ടികളെ നീക്കം ചെയ്തില്ലെങ്കിൽ വൻ തുക പിഴയായി നൽകേണ്ടി വരും. കുട്ടികൾക്ക് അവരുടെ കുട്ടിക്കാലം യഥാർത്ഥ രീതിയിൽ ആസ്വദിക്കാൻ വേണ്ടിയാണ് ഈ പരിഷ്കാരം എന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top