‘വാഹനം കിട്ടിയിരുന്നെങ്കിൽ ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നു’! അട്ടപ്പാടി ദുരന്തത്തിൽ അമ്മയുടെ വാക്കുകൾ

അട്ടപ്പാടിയിലെ കരുവാര ഊരിൽ വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി അമ്മ ദേവി രംഗത്ത്. അപകടം നടന്നയുടൻ ഒരു കുഞ്ഞിന് ജീവനുണ്ടായിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിലേക്ക് പോകാൻ വാഹനം ലഭിച്ചിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്നും അമ്മ വെളിപ്പെടുത്തി.
കരുവാര ഊരിലെ അജയ് ദേവി ദമ്പതികളുടെ മക്കളായ 7 വയസുള്ള ആദി, 4 വയസുള്ള അജ്നേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവായ 6 വയസുള്ള അഭിനയക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടൻ ഒരു മകനെ മടിയിൽ വച്ചപ്പോൾ അനക്കം ഉണ്ടായിരുന്നു. എന്നാൽ, പലതവണ ബന്ധപ്പെട്ടിട്ടും ആരും വാഹനം എത്തിച്ചില്ല.
മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് കരുവാര ഊര്. മൊബൈൽ റേഞ്ച് ലഭിക്കാത്തതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. സമീപത്തെ വീട്ടുകാരുടെ സ്‌കൂട്ടറിൽ കുട്ടികളെ താഴെ എത്തിച്ച ശേഷം വനം വകുപ്പിന്റെ ജീപ്പിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ ഒരു കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു എന്ന് അമ്മ പറഞ്ഞു .
ആൾത്താമസമില്ലാത്ത, പാതി പണി പൂർത്തിയാക്കിയ വീട്ടിലാണ് അപകടം നടന്നത്. മേൽക്കൂരയില്ലാത്തതിനാൽ മഴ നനഞ്ഞും വെയിൽ കൊണ്ടും വീട് ഇടിഞ്ഞു വീഴാറായ നിലയിലായിരുന്നു. കുട്ടികൾ സൺഷേഡിൽ കയറി കളിക്കുന്നതിനിടെയാണ് സ്ലാബ് ഇടിഞ്ഞുവീണത്. സംഭവത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ അഗളി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here