വിമാനത്തിൽ മൂത്രമൊഴിച്ച് സഹയാത്രികൻ്റെ ഉറക്കംകെടുത്തി യുവാവ്; കരിമ്പട്ടികയിൽ പെടുത്തിയെന്ന് യുണൈറ്റഡ് എയർലൈൻസിൻ്റെ കുറ്റസമ്മതം

വിമാനയാത്രയ്ക്കിടെ സഹയാത്രികൻ്റെ ദേഹത്ത് മൂത്രമൊഴിച്ച യാത്രക്കാരന് വിലക്ക് ഏർപ്പെടുത്തിയതായി സ്ഥിരീകരിച്ച് യുണൈറ്റഡ് എയർലൈൻസ്. കഴിഞ്ഞ മാസം സാൻ ഫ്രാൻസിസ്കോ ഇൻ്റർനാഷണൽ എയർപോർട്ടിൽ (എസ്എഫ്ഒ) നിന്ന് ഫിലിപ്പീൻസിലെ മനിലയിലേക്ക് പോയ യുഎ ഫ്ലൈറ്റ് 189ലാണ് സംഭവം നടന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 27 ന് ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത ജെറോം ഗുട്ടറസിനാണ് ഇത്തരമൊരു ദുരവസ്ഥ നേരിട്ടത്. യാത്ര ആരംഭിച്ച് നാല് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയ ഗുട്ടറസിൻ്റെ ദേഹത്തേക്ക് സഹയാത്രികൻ മൂത്രമൊഴിക്കുകയായിരുന്നു. ഗുട്ടറസ് ഞെട്ടി ഉണരുമ്പോഴത്തേക്കും അയാളുടെ വയർ മൂത്രം വീണ് മുഴുവനും നനഞ്ഞിരുന്നു.
ജീവനക്കാരുടെ ഇടപെടൽകാരണമാണ് ഇരുവരും തമ്മിൽ ഒരു ഏറ്റുമുട്ടൽ ഒഴിവായതെന്ന് ഗുട്ടറസിൻ്റെ ഒപ്പം യാത്ര ചെയ്തിരുന്ന വളർത്തുമകൾ നിക്കോൾ കോർണെൽ പറഞ്ഞു. ജീവനക്കാർ ജെറോം ഗുട്ടറസിനെ നയത്തിൽ അനുനയിപ്പിക്കുക ആയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ജീവനക്കാർ ഈ വിഷയമിങ്ങനെ കൈകാര്യം ചെയ്തതിൽ തനിക്ക് അത്ഭുതവും ഞെട്ടലുമുണ്ടായി. വിമാനകമ്പനിയുടെ താല്പര്യം മുന്നിൽ നിർത്തി അവർ ചെയ്ത ഈ നടപടി തികച്ചും തെറ്റായിരുന്നു എന്നും നിക്കോൾ കോർണെൽ അഭിപ്രായപ്പെട്ടു.
എന്നാൽ വിമാനം മനിലയിൽ എത്തിയ ഉടൻ പോലീസിനെ വിവരം അറിയിച്ചതായും കേസെടുത്തതായും യുണൈറ്റഡ് എയർലൈൻസ് പറഞ്ഞു. സഹയാത്രികൻ്റെ ദേഹത്ത് മൂത്രമൊഴിച്ച് ശല്യപ്പെടുത്തിയ ആളിന് യാത്രാവിലക്ക് ഏർപ്പെടുത്തിയതായും അവർ അറിയിച്ചു. എന്നാൽ ഇയാളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിടാൻ വിമാനകമ്പനി തയ്യാറായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here