ആര്‍എസ്എസിന്റെ ‘വാട്സാപ്പ് യൂണിവേഴ്‌സിറ്റി’ വിവരങ്ങള്‍ തട്ടിവിട്ട് ഗവര്‍ണര്‍; ശങ്കരാചാര്യരുടെ പടം പോലുമില്ലാത്ത സര്‍വകലാശാല എന്ന കള്ളം പൊളിച്ച് ദ ഹിന്ദു

സത്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞിളക്കി പൊതുസമൂഹത്തില്‍ വിദ്വേഷവും വിഭാഗീയതയും പടര്‍ത്താന്‍ ശ്രമിക്കുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. ഭരണാധികാരികള്‍ പോലും വസ്തുതാ പരിശോധന ഇല്ലാതെ കാര്യങ്ങള്‍ തട്ടിവിടുന്നതാണ് ഏറെ അപകടകരം. ശങ്കരാചാര്യരുടെ പേരിലുള്ള യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തിന്റെ ചിത്രം പോലും വെയ്ക്കുന്നതിന് അനുമതിയില്ലെന്ന് ഇക്കഴിഞ്ഞ ദിവസം സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച (സെപ്റ്റംബര്‍ 20ന് ) പെരുമ്പാവൂരില്‍ നടന്ന യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളന വേദിയില്‍ വെച്ചാണ് ആദിശങ്കരാചാര്യരുടെ പടം പോലും സര്‍വകലാശാലയില്‍ വെയ്ക്കാന്‍ അനുമതിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞത്. യാതൊരു അടിസ്ഥാന വുമില്ലാത്ത ഒരു ആരോപണമാണ് ഇതെന്ന് ദി ഹിന്ദു ദിനപത്രത്തിന്റെ ലേഖകന്‍ കെഎസ് സുധി തെളിവു സഹിതം റിപ്പോര്‍ട്ട് ചെയ്തു.

‘ചിത്രങ്ങള്‍ വെയ്ക്കുന്നത് തടയുന്നത് ആരാണ്, ആരാണ് ഇതെല്ലാം ചെയ്യുന്നത്? വീണ്ടും നമ്മളെ മണ്ടന്മാരാക്കാന്‍ ആരെയും അനുവദിക്കരുത്. ശങ്കരാചാര്യരുടെ ധര്‍മം സംരക്ഷിക്കുന്നതിന് നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. സനാതത സംസ്‌കാരം പിന്തുടരുന്നതില്‍ നിന്നും നമ്മളെ തടയുകയാണ്’ എന്നായിരുന്നു അര്‍ക്കേറുടെ പ്രസംഗം. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അതീവ ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോള്‍ പ്രാഥമികമായ വസ്തുതാന്വേഷണം പോലും നടത്തിയിട്ടില്ലെന്നാണ് ദ ഹിന്ദുവിലെ വാര്‍ത്ത തെളിയിക്കുന്നത്.
എന്നാല്‍ ഗവര്‍ണറുടെ ആരോപണങ്ങള്‍ പാടേ തള്ളുകയാണ് സര്‍വകലാശാലാ അധികൃതര്‍. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരുടെ ഓഫീസുകള്‍ക്കു പുറമെ ഒട്ടുമിക്ക വകുപ്പുതലവന്മാരുടെ മുറികളിലും ശങ്കരാചാര്യരുടെ ചിത്രങ്ങള്‍ പ്രാധാന്യത്തോടെ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കുന്നുണ്ട്. വാര്‍ത്തയ്‌ക്കൊപ്പം സര്‍വകലാശാലയിലെ ശങ്കരാചാര്യരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍വകലാശാലയുടെ കവാടത്തില്‍ത്തന്നെ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തന്റെ മുറിയിലുള്‍പ്പടെ ആദിശങ്കരന്റെ ചിത്രങ്ങള്‍ പ്രാധാന്യത്തോടെ സ്ഥാപിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ കെകെ ഗീതാകുമാരി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറിയില്‍ തന്നെ ശങ്കരാചാര്യരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചിത്ര പരമ്പര സ്ഥാപിച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ താമസിയാതെ പ്രധാന ഹാളിലേക്ക് മാറ്റുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
ഗവര്‍ണര്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ പറഞ്ഞു പോയതെന്നാണ് രാജ്ഭവന്റെ നിലപാട്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആധികാരികതയോടെ ഉത്തരവാദിത്തപ്പെട്ടവര്‍ പറയുന്നത് അപകടമാണെന്ന് തിരിച്ചറിവാണ് നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഉണ്ടാകേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here