‘പ്രതിയും സിബിഐയും ഒത്തുകളിക്കുന്നു’; ഗുരുതര ആരോപണവുമായി ഉന്നാവോ പീഡനക്കേസ് അതിജീവിത

വിവാദമായ ഉന്നാവോ പീഡനക്കേസിലെ അതിജീവിതയും അമ്മയും സിബിഐ ഓഫീസിലെത്തി പരാതി നൽകി. കേസിലെ പ്രധാന പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗറും സിബിഐ അന്വേഷണ ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളിക്കുന്നു എന്നാണ് ഇവരുടെ പ്രധാന ആരോപണം.

പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സെൻഗറിന് ഡൽഹി ഹൈക്കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ അതിജീവിത വലിയ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തി. സിബിഐ ഉദ്യോഗസ്ഥൻ സെൻഗറുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്നും ഇത് കേസിനെ അട്ടിമറിക്കാനാണെന്നും അതിജീവിത ആരോപിക്കുന്നു. ഇത്രയും കാലം സിബിഐ എന്ത് ചെയ്യുകയായിരുന്നു എന്നും അവർ ചോദിച്ചു.

സെൻഗറിന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിജീവിതയും സ്വന്തം നിലയ്ക്ക് ഇതിനെതിരെ കോടതിയിൽ ഹർജി നൽകും. 15 ലക്ഷം രൂപയുടെ ബോണ്ടും ഡൽഹി വിട്ടുപോകരുത് എന്ന നിബന്ധനയോടെയുമാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കൂടാതെ അതിജീവിതയുടെ വീടിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കാനും പാടില്ലന്നും നിർദേശമുണ്ട്.

ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും സെൻഗറിന് ഉടനെ പുറത്തിറങ്ങാൻ കഴിയില്ല. അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ സെൻഗറിന് പത്ത് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഈ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഇയാൾ ജയിലിൽ തന്നെ തുടരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top