ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റിലേക്ക് !! മത്സരമുനമ്പിൽ റിപ്പോർട്ടർ ടിവിക്കെതിരെ ഏഷ്യാനെറ്റിൻ്റെ സർജിക്കൽ സ്ട്രൈക്ക്

കുത്തകയായിരുന്ന ഒന്നാം സ്ഥാനം തുടർച്ചയായ രണ്ടാം ആഴ്ചയിലും പിടിച്ചെടുത്ത റിപ്പോർട്ടർ ചാനലിന് കനത്ത പ്രഹരം ഏൽപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. എംവി നികേഷ് കുമാർ വിട്ട ശേഷം റിപ്പോർട്ടർ ചാനലിൻ്റെ പ്രധാന മുഖങ്ങളിലൊന്നും നട്ടെല്ലും ആയി മാറിയ ഉണ്ണി ബാലകൃഷ്ണനെ സ്വന്തം പാളയത്തിലേക്ക് എത്തിച്ചു കൊണ്ടാണ് ചാനൽ യുദ്ധത്തിൽ ഏഷ്യാനെറ്റ് മേൽക്കൈ പിടിക്കാൻ ഒരുങ്ങുന്നത്.
Also Read: റേറ്റിങില്‍ ഏഷ്യാനെറ്റ് നഷ്ടപ്രതാപം തിരിച്ചു പിടിക്കുന്നു; കേരളം വീണ്ടും ചാനൽ യുദ്ധത്തിലേക്ക്
അരുൺ കുമാർ തുടങ്ങി ഒരുനിര ജേർണലിസ്റ്റുകൾ അണിനിരക്കുന്ന റിപ്പോർട്ടർ ഫ്ലോറിൽ പരിചയ സമ്പന്നത കൊണ്ടും, അതിൽ നിന്നുണ്ടാകുന്ന ആധികാരികത കൊണ്ടും വളരെ പെട്ടെന്ന് ശ്രദ്ധേയനായ ജേർണലിസ്റ്റ് ആണ് ഉണ്ണി. ചാനലിന് വിശ്വാസ്യത ഇല്ലെന്ന് പലകോണിൽ നിന്ന് ആക്ഷേപങ്ങൾ ഉയരുമ്പോൾ, ‘റിപ്പോർട്ടർ’ മുന്നോട്ട് വയ്ക്കുന്ന തുറുപ്പു ചീട്ടും ആയിരുന്നു ഇദ്ദേഹം.
ഇന്ന് പുറത്തുവന്ന ടെലിവിഷൻ റേറ്റിങ് ചാർട്ടിൽ 105.69 പോയിൻ്റ് നേടി റിപ്പോർട്ടർ ടിവി ഒന്നാമത് എത്തിയപ്പോൾ 98 പോയിൻ്റുമായി ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തായി. കഴിഞ്ഞയാഴ്ചത്തെ റേറ്റിങ്ങിൽ റിപ്പോർട്ടർ 97.71ഉം ഏഷ്യാനെറ്റ് 92.21 പോയിൻ്റുമാണ് നേടിയത്. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ഒന്നാം സ്ഥാനം നിലനിർത്തിയെന്ന് മാത്രമല്ല, നേരിയ തോതിലെങ്കിലും നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് നിർണായക കൂടുമാറ്റം ഉണ്ടായിരിക്കുന്നത്.
ഏഷ്യാനെറ്റിലെ ആദ്യകാല ജേർണലിസ്റ്റുകളിൽ ഒരാളായിരുന്ന ഉണ്ണി ബാലകൃഷ്ണൻ ഡൽഹി റിപ്പോർട്ടറും ബ്യൂറോ ചീഫും ആയിട്ടാണ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായത്. പിന്നീട് നേതൃനിരയിൽ ചിലരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഏഷ്യാനെറ്റ് വിട്ട അദ്ദേഹം മാതൃഭൂമിയിലും, യൂടോക് എന്ന ഓൺലൈൻ ചാനലിലും പ്രവർത്തിച്ച ശേഷമാണ് റിപ്പോർട്ടർ ചാനലിൽ എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here