സിനഡ് ചേരുംമുമ്പേ മെത്രാൻമാർ തമ്മിലടി!! മാർ അപ്രേമിനെതിരെ കലാപക്കൊടിയുമായി കുന്നംകുളം മെത്രാൻ; ഓർത്തഡോക്സിലാകെ മൊത്തം ജഗപൊക

സഭാ നേതാക്കൾ പള്ളി പിടിത്തക്കാരാണെന്ന ഓർത്തഡോക്സ് സഭാ അടൂർ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാർ അപ്രേമിൻ്റെ പ്രസ്താവനക്കെതിരെ വിശ്വാസികളും സഹമെത്രാന്മാരും രംഗത്ത്. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് പള്ളികളിൽ മാർ അപ്രേം നടത്തിയ പ്രസംഗത്തിലാണ് സഭയുടെ പ്രഖ്യാപിത നിലപാടുകളെ വെല്ലുവിളിച്ചത്. മാർ അപ്രേമിനെതിരെ പരസ്യ നിലപാടുമായി കുന്നംകുളം ഭദ്രാസന ബിഷപ്പായ ഗീവർഗീസ് മാർ യൂലിയോസ് രംഗത്തെത്തി. ഭരണഘടനയേയും സിനഡിനേയും വിമർശിച്ച് അപ്രേം നടത്തിയ പ്രസംഗത്തിൽ ന്യൂനതകളുണ്ടെന്നും അത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം എന്നുമാണ് മാർ യൂലിയോസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാർ അപ്രേമിൻ്റെ സഭാ ഭരണഘടനാ വിരുദ്ധ പരാമർശം ചർച്ചചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭയുടെ അടിയന്തര സിനഡ് യോഗം ഈ മാസം 23ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരാനിരിക്കയാണ് മാർ യൂലിയോസിൻ്റെ പ്രതികരണം. സഭയിലെ ബിഷപ്പുമാരുടെ ഔദ്യോഗിക യോഗം (സിനഡ്) ചേരുന്നതിന് മുന്നേ സഭയിലെ ഒരു മെത്രാൻ മറ്റൊരു സഹ മെത്രാനെതിരെ പരസ്യ പ്രസ്താവന ഇറക്കുന്നതും അച്ചടക്ക ലംഘനത്തിൻ്റെ പരിധിയിൽ വരില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്തായാലും ഓർത്തഡോക്സ് സഭയിൽ കാര്യങ്ങൾ അത്ര മെച്ചപ്പെട്ട നിലയിൽ അല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.
“സഭാ ഭരണഘടനയിൽ വേദപുസ്തകത്തിനെതിരെ ഒന്നുമില്ല, അതിൽ ഭീകരവാദമില്ല. ഭരണഘടനയ്ക്ക് എതിരെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ പ്രതിരോധം ഉണ്ടാകും. മെത്രാപ്പൊലീത്തമാർ ഉത്തരവാദിത്വത്തോടെ സംസാരിക്കണം. സഖറിയാസ് മാർ അപ്രേമിന് വീഴ്ചയുണ്ടായി, അങ്ങനെ പ്രസംഗിക്കാൻ പാടില്ല. പള്ളി പിടിച്ചെടുക്കുക എന്ന വാക്ക് വളരെ ഗൗരവമുള്ളതാണ്. ഓർത്തഡോക്സ് സഭ ആരുടേയും ഒന്നും പിടിച്ചെടുക്കാൻ പോയിട്ടില്ല.” സഭാ സിനഡിനും ഭരണഘടനയ്ക്കും എതിരെയായിരുന്നു സഖറിയാസ് മാർ അപ്രേമിന്‍റെ പ്രസംഗമെന്നും ആണ് യൂലിയോസിൻ്റെ പ്രതികരണം. സിനഡ് ചേരും മുമ്പേ ഇത്തരമൊരു പ്രതികരണത്തിന് ഇദ്ദേഹത്തെ ആരാണ് നിയോഗിച്ചതെന്ന് അപ്രേമിനെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നുണ്ട്.
മുൻ കാതോലിക്കാ ബാവയുടെ അസിസ്റ്റന്റ് ആയിരുന്നു മാർ അപ്രേം. സഭയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലക്കാരനും സെമിനാരികളിൽ സഭാ ഭരണഘടന പഠിപ്പിക്കുന്നയാളുമാണ്. ഇങ്ങനെ പലവിധത്തിൽ ഔദ്യോഗിക സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സീനിയറായ മെത്രാൻ അടിക്കടി സഭാവിരുദ്ധ പ്രസംഗം നടത്തുന്നതിൽ മറ്റെന്തോ അജണ്ടയുണ്ടെന്ന് സഭയിലെ മറ്റ് മെത്രാന്മാർ സംശയിക്കുന്നുണ്ട്. ഞായറാഴ്ച ഒരു സംഘം വിശ്വാസികൾ മാർ അപ്രേമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭാ ആസ്ഥാനമായ ദേവലോകത്തേക്ക് പ്രകടനം നടത്തിയിരുന്നു. സഭയുടെ മാനേജിങ് കമ്മറ്റിയിൽ ഒരുവിഭാഗം ഇന്ന് രാവിലെ കാതോലിക്കാ ബാവയെ കണ്ട് അപ്രേമിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ചെന്നിത്തല, ചുങ്കത്തറ എന്നീ ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ പ്രമാണിച്ച് ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം നടത്തിയ പ്രസംഗത്തിലാണ് സഭയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ സംസാരിച്ചത്. സുപ്രീം കോടതി അംഗീകരിച്ച 1934ലെ ഭരണഘടന പ്രകാരം കാര്യങ്ങള്‍ നടപ്പാക്കണമെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിനെ പാടെ തള്ളിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
“വിട്ടുവീഴ്ചകള്‍ ചെയ്യാനോ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ എന്തെലുമൊക്കെ ഒരു സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍ ചില പ്രമാണങ്ങള്‍ക്ക് ദൈവ വചനത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നു. ഞാന്‍ ഓണ്‍ലൈനിലൂടെയാണ് പറയുന്നത്. അനേകം ആളുകള്‍ കേള്‍ക്കുമെന്നറിയാം. കടുത്ത വിമര്‍ശനം വരുമെന്നറിയാം. പക്ഷേ ഈ മദ്ബഹായില്‍ നില്‍ക്കുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് തോന്നിപ്പിക്കുന്നത് പറയുന്നു എന്നതേയുള്ളു. സഭയിലെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഉള്‍പ്പടെ ഭദ്രാസനങ്ങളില്‍ നിലനില്‍ക്കുന്നതും ഇടവകളില്‍ നില്‍ക്കുന്നതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിന്റെ ഏവന്‍ഗേലിയോന്റെ മൂല്യങ്ങള്‍ വേണ്ട. നമുക്ക് ഭരണഘടന വേണം, കോടതി വിധികള്‍ വേണം, എല്ലാം വേണം.” ഇതായിരുന്നു വിവാദ പ്രസംഗം.
അടൂര്‍ ഭദ്രാസനത്തിലെ ചില യാക്കോബായ പള്ളികള്‍ പിടിച്ചെടുക്കാന്‍ തന്നോട് സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്ന് അദ്ദേഹം മറ്റൊരു പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ തുറന്ന് പറച്ചിലുകളാണ് മാര്‍ അപ്രേമിന് വിനയായത്. വിശദീകരണം ആവശ്യപ്പെട്ട് മാര്‍ അപ്രേമിന് നോട്ടീസ് നല്‍കിയതായി സഭാ നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here