യുപിയിൽ ഇനി ‘ജാതി’ റാലികൾ ഇല്ല, രാഷ്ട്രീയ പരിപാടികളും; തീരുമാനം കോടതി ഉത്തരവിന് പിന്നാലെ

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ള പൊതു പരിപാടികൾക്കും ഉത്തർപ്രദേശ് സർക്കാർ സംസ്ഥാന വ്യാപകമായി നിരോധനം പ്രഖ്യാപിച്ചത്. എല്ലാ പൊലീസ് രേഖകളിൽ നിന്നും ഔദ്യോഗിക രേഖകളിൽ നിന്നും പൊതു നോട്ടീസുകളിൽ നിന്നും ജാതി പരാമർശങ്ങൾ ഉടൻ നീക്കം ചെയ്യാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ജാതിയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾക്ക് ഇനി മോട്ടോർ വാഹന നിയമപ്രകാരം പിഴ ചുമത്തും.
ജാതി മഹത്വവൽക്കരണം ദേശവിരുദ്ധവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് അലഹബാദ് ഹൈക്കോടതി സെപ്റ്റംബർ 16 ലെ വിധിന്യായത്തിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് എല്ലാ പൊലീസ് യൂണിറ്റുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും കഴിഞ്ഞ ദിവസം നിർദ്ദേശം എത്തിയത്. ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാർ പറഞ്ഞു.
രജിസ്റ്ററുകളിലും എഫ്ഐആറുകളിലും അറസ്റ്റ് മെമ്മോകളിലും കേസ് ഡയറികളിലും കുറ്റാരോപിതരുടെ ജാതി രേഖപ്പെടുത്തരുതെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിലെ നോട്ടീസ് ബോർഡുകളിൽ കുറ്റാരോപിതരായ വ്യക്തികളുടെ പേരുകൾ രേഖപ്പെടുത്തുമ്പോൾ ജാതി പരാമർശങ്ങൾ ഒഴിവാക്കണം.
സംസ്ഥാനത്തെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസ് (CCTNS) ജാതി കോളം നീക്കം ചെയ്യുന്നതിനായി അപ്‌ഡേറ്റ് ചെയ്യും. മാറ്റങ്ങൾ നടപ്പിലാക്കുന്നതുവരെ, ആ കോളങ്ങൾ ശൂന്യമായി വിടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരിച്ചറിയൽ ആവശ്യങ്ങൾക്കായി പൊലീസ് രേഖകളിൽ ഇനി പ്രതിയുടെ അച്ഛന്റെയും അമ്മയുടെയും പേരുകളാണ് ഉൾപ്പെടുത്തുക.
പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജാതി മഹത്വവൽക്കരിക്കുന്ന ബോർഡുകൾ, അടയാളങ്ങൾ അല്ലെങ്കിൽ ചിഹ്നങ്ങൾ, പ്രത്യേകിച്ച് ഒരു പ്രത്യേക ജാതിയിൽ പെട്ട പ്രദേശമാണെന്ന് അടയാളപ്പെടുത്തുന്നവ ഇവയെല്ലാം നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ജാതി അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും നിരീക്ഷിക്കും, ഓൺലൈനിൽ ശത്രുത പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here