എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വന്ദേ മാതരം’ നിർബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായുള്ള പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും. ഗോരഖ്പൂർ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
‘വന്ദേ മാതരം’ നിർബന്ധമാക്കുന്നത് പൗരന്മാരിൽ ഭാരതമാതാവിനോടും മാതൃഭൂമിയോടുമുള്ള ബഹുമാനവും അഭിമാനബോധവും വളർത്താൻ സഹായിക്കും. രാജ്യത്തേക്കാൾ വലുതല്ല ഒരു മതമോ ജാതിയോ. ദേശീയ ഐക്യത്തിന് തടസ്സമാകുന്ന വിശ്വാസങ്ങളെ മാറ്റിനിർത്തണം. ഇതിനെ എതിർക്കുന്നതിൽ ഒരർത്ഥവുമില്ല. ദേശീയ ഗാനത്തെ എതിർത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞു. ‘വന്ദേ മാതര’വുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
1937ൽ കോൺഗ്രസ് ‘വന്ദേ മാതര’ത്തിലെ പ്രധാനപ്പെട്ട വരികൾ ഒഴിവാക്കിയത് ഇന്ത്യയുടെ വിഭജനത്തിന് കാരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കവെയായിരുന്നു മോദിയുടെ ഈ പ്രസ്താവന. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായിരുന്ന ഈ ഗാനത്തിലെ വരികൾ വെട്ടിച്ചുരുക്കിയത് രാജ്യത്തിന് വെല്ലുവിളിയാണെന്നും മോദി പറഞ്ഞിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾക്കെതിരെ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here