സബ്‌സ്‌ക്രിപ്ഷൻ കുരുക്കിൽ പണം പോകില്ല; യുപിഐ ഓട്ടോപേയിൽ വൻ മാറ്റങ്ങൾ

ഡിജിറ്റൽ ഇടപാടുകൾ ലളിതമാക്കുന്നതിന്റെ ഭാഗമായി യുപിഐ ഓട്ടോപേ (UPI AutoPay) സംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ഇലക്ട്രിസിറ്റി ബില്ലുകൾ തുടങ്ങിയവയ്ക്കായി നാം നൽകിയിട്ടുള്ള ഓട്ടോമാറ്റിക് പേയ്‌മെന്റ് ട്രാക്ക് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനമാണ് പരിഷ്കരിക്കുന്നത്.
ഉപഭോക്താക്കൾ തങ്ങളുടെ യുപിഐ ആപ്പുകൾ വഴി ഏതൊക്കെ സേവനങ്ങൾക്കാണ് ഓട്ടോപേ സൗകര്യം നൽകിയിട്ടുള്ളതെന്ന് ഇനി ഒറ്റനോട്ടത്തിൽ അറിയാൻ സാധിക്കും. പലപ്പോഴും നാം സബ്‌സ്‌ക്രിപ്‌ഷനുകൾ എടുക്കുകയും പിന്നീട് അവ റദ്ദാക്കാൻ മറന്നുപോവുകയും ചെയ്യാറുണ്ട്. പുതിയ സംവിധാനത്തിലൂടെ ഇവ കൃത്യമായി ട്രാക്ക് ചെയ്യാം.
Also Read : മണി റിക്വസ്റ്റിങ് ഓപ്ഷൻ നിർത്താനൊരുങ്ങി യുപിഐ; വരുന്നത് വ്യജന്മാർക്കുള്ള കുരുക്ക്
നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ താൽക്കാലികമായി നിർത്താനോ, പൂർണ്ണമായും റദ്ദാക്കാനോ ഉള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി. ഇതിനായി ബാങ്കുകൾക്കും പേയ്‌മെന്റ് ആപ്പുകൾക്കും എൻപിസിഐ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ഉപഭോക്താവിന് നിർബന്ധമായും നോട്ടിഫിക്കേഷൻ ലഭിക്കുമെന്ന് ഉറപ്പാക്കും. ഇത് അനാവശ്യമായി പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സഹായിക്കും.
ഉപഭോക്താക്കളുടെ അനുവാദമില്ലാതെ മാൻഡേറ്റുകളിൽ മാറ്റം വരുത്താൻ കമ്പനികൾക്ക് കഴിയില്ലെന്ന് പുതിയ പരിഷ്കാരം ഉറപ്പാക്കുന്നു. കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിലൂടെ ഡിജിറ്റൽ പണമിടപാടുകളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ പരിഷ്കാരങ്ങൾ വരുന്നതോടെ ഡിജിറ്റൽ ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here