ഫോൺപേക്കും ഗൂഗിൾപേക്കും സർവീസ് ചാർജ് ഈടാക്കിയേക്കും; സൂചന നൽകി ആർ ബി ഐ

ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. യുപിഐ ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വലിയ ചിലവ് വരുന്നുണ്ടെന്നും യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കിൽ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
Also Read : ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഒന്നാം തിയ്യതി മുതൽ വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ
യുപിഐ പേയ്മെന്റുകൾക്ക് സർവീസ് ചാർജ് ഈടാക്കിയേക്കുമെന്ന ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് മല്‍ഹോത്രയുടെ ഈ പരാമര്‍ശങ്ങള്‍. യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പെയ്മെന്റ് അഗ്രഗേറ്റര്‍മാര്‍ക്ക് (പിഎ) പ്രോസസിങ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി ഐസിഐസിഐ ബാങ്ക് മുന്നോട്ടുവന്നിട്ടുണ്ട്.
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തി എന്നാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here