അമേരിക്കൻ യുദ്ധവിമാനവും ഹെലികോപ്റ്ററും കടലിൽ തകർന്നു വീണു; അപകടം ട്രംപിൻ്റെ ഏഷ്യാ സന്ദർശനത്തിനിടെ

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏഷ്യൻ പര്യടനത്തിനിടെ ദക്ഷിണ ചൈന കടലിൽ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും തകർന്നു വീണു. വ്യത്യസ്ത സമയങ്ങളിലുണ്ടായ അപകടങ്ങളിൽ ആളപായമില്ല എന്ന് യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. അപകട കാരണം കണ്ടെത്താൻ യുഎസ് നാവികസേന വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനവാഹിനി കപ്പലായ യുഎസ്എസ് നിമിറ്റ്സിൽ നിന്ന് നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന എംഎച്ച് 60 ആർ ഹെലികോപ്റ്ററാണ് ആദ്യം കടലിൽ തകർന്നു വീണത്. ഇതിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി. ഹെലികോപ്റ്റർ അപകടം നടന്ന് 30 മിനിറ്റുകൾക്ക് ശേഷം ബോയിങ് എഫ്എ–18 എഫ് സൂപ്പർ ഹോണറ്റ് യുദ്ധവിമാനവും തകർന്നു വീണു. നിരീക്ഷണ പറക്കലിലായിരുന്നു ഈ വിമാനവും. വിമാനത്തിലെ പൈലറ്റുമാരെയും രക്ഷപ്പെടുത്തി.

Also Read : താരിഫ് യുദ്ധം അതിരൂക്ഷം; അമേരിക്ക-ചൈന ബന്ധം പുതിയ വഴിത്തിരിവിൽ; ആഗോള സമ്പദ്‌വ്യവസ്ഥ ആശങ്കയിൽ

തകർന്നു വീണ എഫ്എ–18 എഫ് വിമാനത്തിന് ഏകദേശം 528 കോടി രൂപ വിലയുണ്ട്. അമേരിക്കൻ സേനയിലെ പഴക്കമുള്ള വിമാനവാഹിനിയായ നിമിറ്റ്സ് അടുത്ത വർഷത്തോടെ സർവീസിൽ നിന്ന് പിൻവലിക്കാൻ ഇരിക്കുകയാണ്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏഷ്യയിലെ ത്രിരാഷ്ട്ര സന്ദർശനത്തിനിടെയാണ് സുപ്രധാനമായ ഈ സൈനിക അപകടം നടന്നത്.

ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടിരുന്നു. മലേഷ്യയിൽ എത്തിയ ട്രംപ് ആസിയാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കുന്ന ട്രംപ്, ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. സൈനികവും രാഷ്ട്രീയപരവുമായ പ്രാധാന്യമുള്ള ദക്ഷിണ ചൈന കടലിൽ നടന്ന ഈ അപകടങ്ങൾ അമേരിക്കയുടെ സൈനിക തയാറെടുപ്പുകൾക്ക് നേരിയ തിരിച്ചടിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top