സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസ് നൽകണമെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും. ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് സമവായം കണ്ടെത്തിയതിനു പിന്നാലെയാണ് ഭരണാധികാരികൾ ഇത്തരമൊരു വാദവുമായി രംഗത്തെത്തിയത്. ഇത് ആദ്യമായല്ല ട്രംപിന് നോബൽ പ്രൈസ് നൽകണമെന്ന ആവശ്യം ലോകരാജ്യങ്ങൾ ഉയർത്തുന്നത്. ഇസ്രായേൽ, കമ്പോഡിയ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ട്രംപിന് നോബൽ പ്രൈസ് നൽകണമെന്ന് പറഞ്ഞ മറ്റു രാജ്യങ്ങൾ.

രണ്ടാംതവണയും അമേരിക്കയുടെ ഭരണാധികാരിയായ ട്രംപിന് ഇനി നേടിയെടുക്കാനുള്ളത് നോബൽ പ്രൈസ് മാത്രമാണ്. 2009ൽ ഒബാമക്ക് സമാധാനത്തിനുള്ള നോബൽ പ്രൈസ് ലഭിച്ചെങ്കിൽ എന്ത് കൊണ്ട് തനിക്കായിക്കൂട എന്ന നിലപാടിലാണ് ട്രംപ്. ആണവായുധ നിർവ്യാപന കരാറുകളെ പ്രോത്സാഹിപ്പിച്ചതിനും മുസ്ലിം രാജ്യങ്ങളുമായി കൃത്യമായ നയയന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചെടുത്തതിനുമാണ് ഒബാമക്ക് നോബൽ സമ്മാനം ലഭിച്ചത്. എന്നാൽ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പോലും ഇടപെട്ടുകൊണ്ട് അവിടെ ബലപ്രയാഗത്തിലൂടെ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്.
Also Read : സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് ട്രംപ്; വെടി നിർത്തലിന് തയ്യാറല്ലെന്ന് ഇറാൻ
ലോക പോലീസ് എന്ന് വിശേഷിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ലോകസമാധാനത്തിന്റെ കാവലാളായി സ്വയം അവരോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട് കുറച്ചുനാളുകളായി. ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിലും ഇസ്രായേൽ ഇറാഖ് യുദ്ധത്തിലും മധ്യസ്ഥത ചർച്ചകളുടെ നേതൃത്വം സ്വയം ഏറ്റെടുത്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് രംഗത്ത് വരികയായിരുന്നു. ചർച്ചകൾക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും അമേരിക്കയുടെ മധ്യസ്ഥതയിൽ അല്ല യുദ്ധം അവസാനിപ്പിച്ചതെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെ പോലും ട്രംപ് തള്ളിക്കളയുകയായിരുന്നു.
ലോകത്ത് ഇപ്പോൾ നിലനിൽക്കുന്ന സജീവമായ സംഘർഷങ്ങളിലെല്ലാം ട്രംപ് നിർണായക ഇടപെടലുകൾ നടത്തുന്നുണ്ട്. അനേക വർഷങ്ങളായി തുടർന്നു വരുന്ന ഇസ്രായേൽ പലസ്തീൻ യുദ്ധം, റഷ്യ യുക്രെയ്ൻ യുദ്ധം എന്നിവയാണ് ലോകത്ത് ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന സജീവമായ സംഘർഷങ്ങൾ. അമേരിക്കൻ ആയുധങ്ങളുടെ സഹായത്തോടെ ഇസ്രായേൽ ഹമാസിനെ ഏറെക്കുറെ ഇല്ലാതാക്കിയിരിക്കുന്നു. ഹമാസ് നേതാക്കളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഇസ്രായേൽ ഗാസ പൂർണ്ണമായി പിടിച്ചെടുക്കാനുള്ള അവസാനഘട്ട നീക്കങ്ങളിലാണ്. മാസങ്ങൾക്കുള്ളിൽ തന്നെ ഇസ്രായേൽ അവിടെ ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കുമെന്നാണ് വിലയിരുത്തൽ.

ഇസ്രായേൽ യുദ്ധത്തിൽ വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എന്തായാലും ഡൊണാൾഡ് ട്രംപിന് തന്നെ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ അത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇനിയുള്ളത് റഷ്യ ഉക്രൈൻ യുദ്ധമാണ്. യുക്രെയ്ന് ടൺ കണക്കിന് ആയുധങ്ങൾ വിവരണം ചെയ്ത അമേരിക്കൻ പ്രസിഡന്റ് തന്നെ യുദ്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. റഷ്യയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി അമേരിക്ക നടത്തുന്ന നയതന്ത്ര ഇടപെടലുകൾ ലോക രാജ്യങ്ങളെ ആകെ വലയ്ക്കുകയാണ്. പക്ഷെ റഷ്യയെ അതൊന്നും ഏശിയ മട്ടില്ല.
Also Read : സൗദി വിചാരിച്ചാൽ… റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിൻ്റെ പുതിയ ഫോർമുല !!
സമ്മർദ്ദങ്ങളിൽ വഴങ്ങാത്ത റഷ്യയെ സമാധാന ചർച്ചകളിലൂടെ വരുതിയിലാക്കാനുള്ള ശ്രമങ്ങളിലാണ് ട്രംപ് ഇപ്പോൾ. അതിന്റെ ഭാഗമായി അലാസ്കയിൽ വച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് കൂടി പരിഹാരം കണ്ടെത്തിക്കൊണ്ട് 2026 ലെ നോബൽ പ്രൈസ് അടിച്ചെടുക്കാനുള്ള അവസാനഘട്ട നീക്കങ്ങളിലേക്കാണ് ട്രംപ് കടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പലസ്തീനിലേയും റഷ്യയിലേയും ആക്രമണങ്ങൾ കൂടി അവസാനിച്ചാൽ ലോകത്ത് സജീവമായി നിലനിൽക്കുന്ന യുദ്ധങ്ങളെല്ലാം അവസാനിക്കുമെന്നാണ് വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here