സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീയിട്ട് കൊന്ന് ഭർത്താവ്; ദൃസാക്ഷിയായി മകൻ

ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീ കൊളുത്തി കൊന്ന് ഭർത്താവ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് 28 വയസ്സുള്ള നിക്കി ഭാട്ടിയ എന്ന യുവതിയെ അതിദാരുണമായി ഭർത്താവ് കൊലപ്പെടുത്തുന്നത്. സംഭവത്തിൽ ഭർത്താവായ വിപിൻ ഭാട്ടിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇന്ന് പൊലീസ് കസ്റ്റഡിയിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കുനേരെ വെടിയുതിർത്തു. നിലവിൽ വിപിൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വിപിനും നിക്കിയുമായുള്ള വിവാഹം നടക്കുന്നത് 2016ലാണ്. വിവാഹത്തിന് കഴിഞ്ഞത് മുതൽ സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നു. 36 ലക്ഷം രൂപ വേണമെന്ന് പറഞ്ഞായിരുന്നു മർദനം. ഇതിന്റെ വീഡിയോ നിക്കിയുടെ സഹോദരിയായ കാഞ്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതാണ് കേസിന് നിർണായകമായത്. വീഡിയോയിൽ പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതും തീ കൊളുത്തുന്നതും വ്യക്തമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിക്കിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിക്കി മരിച്ചത്.
നിക്കിയുടെ മകനും തന്റെ അമ്മയെ കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നൽകി. തന്റെ പിതാവും മുത്തശ്ശിയും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് കുട്ടി പറഞ്ഞത്. ആദ്യം അമ്മയുടെ ദേഹത്ത് എന്തോ പുരട്ടി, പിന്നീട് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തിയെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ നിക്കിയുടെ പിതാവും പ്രതികരിച്ചിരുന്നു. കൊലയാളിയായ വിപിനെ എൻകൗണ്ടർ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വിപിന്റെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here