എംഎൽഎ ഹോസ്റ്റലിൽ മുറികളുണ്ട് ; ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം; വികെ പ്രശാന്തിനെതിരെ ശബരീനാഥനും

വി കെ പ്രശാന്തിന്റെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ രംഗത്തെത്തിയതിന് പിന്നാലെ വിമർശനങ്ങളുമായി ശബരീനാഥനും. നിയമസഭയുടെ എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് നഗരസഭയുടെ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നാണ് ശബരീനാഥൻ ചോദിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
വികെ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫീസ് മുറികൾ എംഎൽഎയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിംഗും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്.പിന്നെന്തിന് നഗരസഭാ കെട്ടിടം? സർക്കാർ സൗജന്യമായി ഇത്രയും സൗകര്യങ്ങൾ നൽകുമ്പോൾ അത് ഉപേക്ഷിച്ചാണ് ശാസ്തമംഗലത്തെ നഗരസഭാ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത്.
Also Read : കൗൺസിലർ ആർ ശ്രീലേഖ പണി തുടങ്ങി; ലക്ഷ്യം എംഎൽഎ ഓഫീസ്
മിക്ക എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ വാടക മുറികളിലാണ് ഓഫീസ് നടത്തുന്നത്. എന്നാൽ ഹോസ്റ്റൽ സൗകര്യം സ്വന്തം മണ്ഡലത്തിലുള്ള പ്രശാന്ത് അത് ഉപയോഗപ്പെടുത്താതെ നഗരസഭയുടെ കെട്ടിടം കൈവശം വെക്കുന്നത് ശരിയല്ല എന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം. പിന്നീട് അദ്ദേഹം തന്റെ അഭിപ്രായം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയുകയും ചെയ്തു.
കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് തനിക്ക് കൗൺസിലർ ഓഫീസായി ഉപയോഗിക്കാൻ വിട്ടുനൽകണമെന്നായിരുന്നു ആർ ശ്രീലേഖയുടെ ആവശ്യം. ശാസ്തമംഗലം വാർഡ് കൗൺസിലറായ ആർ ശ്രീലേഖ ഫോണിലൂടെ വി കെ പ്രശാന്തിനോട് ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here