പാമോലിന്‍ കേസ് ബാക്കിയാക്കി വിഎസിന്റെ മടക്കം; സാക്ഷാല്‍ കരുണാകരനെ നിലംപരിശാക്കിയ രാഷ്ട്രീയ തന്ത്രം

കേരള രാഷ്ടീയത്തില്‍ കെ കരുണാകരന്‍ എന്ന അതികായന്റ പൊതുജീവിതത്തില്‍ അഴിമതിയുടെ എണ്ണക്കറ പുരണ്ട സംഭവമായിരുന്നു പാമോലിന്‍ കേസ്. കേരളകൗമുദി പത്രത്തില്‍ ബിസി ജോജോ എന്ന പ്രഗത്ഭനായ ജേണലിസ്റ്റ് പുറത്തു കൊണ്ടുവന്ന സ്‌കൂപ്പായിരുന്നു പാമോലിന്‍ ഇറക്കുമതി ഇടപാടിലെ അഴിമതി. സിംഗപ്പൂരില്‍നിന്ന് കൂടിയ വിലയ്ക്ക് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു എന്നായിരുന്നു ആരോപണം. 1994ല്‍ ക്രമക്കേട് ശരിവെച്ച് സിഎജി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കി. 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സംഭവത്തില്‍ വിജിലന്‍സ് കേസെടുക്കുകയും ചെയ്തു. ഈ കേസിനെ മുന്നോട്ട് നയിച്ചത് വിഎസ് അച്യുതാനന്ദനായിരുന്നു.

എന്നാല്‍, ഭരണമാറ്റത്തോടൊപ്പം പാമോയില്‍ കേസിനോടുള്ള സര്‍ക്കാരുകളുടെ നിലപാടുകളിലും മാറ്റമുണ്ടായി. 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയ വിഎസ് സര്‍ക്കാര്‍ കേസ് വിട്ടുകളായാന്‍ തയാറായില്ല. യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ് മൂലത്തിനെതിരെ കെ.കരുണാകരന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. എന്നാല്‍, കെ.കരുണാകരന്‍ അന്തരിച്ചതോടെ അദ്ദേഹത്തിന്റെ അപ്പീല്‍ ഹര്‍ജി അസ്ഥിരപ്പെട്ടു.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതിനെതിരെയും വിഎസ് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ കേസില്‍ ആരെയും കുറ്റവിമുക്തരാക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. 24 വര്‍ഷമായി പാമോയില്‍ കേസില്‍ അഴിമതിക്കാര്‍ക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണ് സുപ്രീംകോടതിയുടെ ഉത്തരവെന്നായിരുന്നു അന്ന് വിഎസിന്റെ പ്രതികരണം.
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ജോജോ പുറത്തു കൊണ്ടുവന്ന മറ്റൊരു സ്‌കൂപ്പിനെ അക്ഷരാര്‍ത്ഥത്തില്‍ കൊണ്ടാടിയത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനായിരുന്നു. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തേയും മികച്ച സ്‌കൂപ്പുകളിലൊന്നായിരുന്നു അത്. സിഎജി റിപ്പോര്‍ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പേ റിപ്പോര്‍ട്ട് ചോര്‍ത്തി പത്രത്തില്‍ അച്ചടിച്ച് നിയമസഭയിലും പുറത്തും ഭൂകമ്പമുണ്ടാക്കി.

1994 ഫെബ്രുവരി 15 ചൊവ്വാഴ്ച കേരളകൗമുദി പത്രത്തില്‍ ജോജോയുടെ ബൈലൈനില്‍ വന്ന എട്ടു കോളം വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു. ‘പാമോയില്‍ അഴിമതി – മുഖ്യമന്ത്രി കുറ്റക്കാരന്‍ : സിഎജി’
പൊതുഖജനാവിന് ആറരകോടിയോളം രൂപ നഷ്ടമുണ്ടാക്കിയ പാമോയില്‍ ഇറക്കുമതി ഇടപാടില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ നിര്‍ണായക പങ്ക് വഹിച്ചതായി കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന ഗവര്‍ണറെ അദ്ദേഹം ഈ വിവരം ധരിപ്പിച്ചു കഴിഞ്ഞു. ഇതായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഈ വാര്‍ത്തയെ അടിസ്ഥാനമാക്കി അന്നേ ദിവസം തന്നെ പ്രതിപക്ഷ നേതാവ് വിഎസ് സഭയില്‍ അടിയന്തര പ്രമേയവും അവതരിപ്പിച്ചു. ഒപ്പം വാക്കൗട്ടും നടത്തി. (ഒമ്പതാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം)

ജോജോയുടെ റിപ്പോര്‍ട്ട് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. സിപിഎമ്മും അവരുടെ പോഷക സംഘടനകളും പ്രക്ഷോഭവും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. തിരുവനന്തപുരം നഗരത്തില്‍ പൊതുയോഗം, പ്രതിഷേധ പ്രകടനം തുടങ്ങിയ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. 30 വര്‍ഷമായി പാമോലിന്‍ കേസ് തീരുമാനമാകാതെ കിടക്കുകയാണ്. വിഎസ് എന്ന പോരാളി അഴിമതിക്കെതിരെ തുടങ്ങിയ നീണ്ട പോരാട്ടത്തിന്റെ ചരിത്രമായി പാമോലിന്‍ കേസ് അവശേഷിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here