ഹിജാബ് വിഷയം ഊതിക്കത്തിച്ച് ശിവൻകുട്ടി; സിറോ മലബാർ സഭയും സർക്കാരും നേർക്കുനേർ

കൊച്ചി പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ച്ച ഉണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥിനിയെ പുറത്താക്കിയ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ലംഘനവുമാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിദ്യാർഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇനി ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. കുട്ടിയോ രക്ഷിതാവോ വേണ്ടെന്ന് പറയുന്നത് വരെ കുട്ടിക്ക് ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ അന്തിമ തീരുമാനം ഇന്ന് തന്നെ അറിയിക്കണമെന്നും, വിദ്യാർഥിക്കും രക്ഷിതാക്കൾക്കും ഉണ്ടായ വിഷമങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി സ്കൂൾ പ്രിൻസിപ്പലിനും മാനേജ്‌മെന്റിനും കർശന നിർദേശം നൽകിയിരുന്നു.
സ്കൂൾ മാനേജ്‌മെൻ്റും സിറോ മലബാർ സഭയും വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെതിരെ രംഗത്തെത്തി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മന്ത്രി ഇടപെട്ടത് അനുചിതമാണെന്നാണ് ഇവരുടെ വാദം. രമ്യതയിൽ പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി ഊതിക്കത്തിച്ചു എന്നും സ്കൂളിനായി ഹാജരാകുന്ന അഭിഭാഷക അഡ്വ. വിമല ബിനു പ്രതികരിച്ചു. വിവാദം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പിടിഎ പ്രസിഡന്റും നേരത്തെ രംഗത്തെത്തിയിരുന്നു.
ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി ആവർത്തിച്ചെങ്കിലും, വിഷയത്തിൽ കടുത്ത നടപടിയിലേക്ക് സർക്കാർ നിലവിൽ കടന്നിട്ടില്ല. സ്കൂളിന്റെ അന്തിമ തീരുമാനത്തിനായി അധികൃതർ കാത്തിരിക്കുകയാണ്. ഒക്ടോബർ 7-നാണ് സി.ബി.എസ്.ഇ. അഫിലിയേഷനുള്ള ലത്തീൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്കൂളിൽ ഹിജാബ് വിവാദം ആരംഭിച്ചത്. എം പി ഹൈബി ഈഡൻ, ഡി.സി.സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രക്ഷിതാക്കളുമായും സ്കൂൾ മാനേജ്‌മെൻ്റുമായും നടത്തിയ ചർച്ചയിലാണ് സമവായം ഉണ്ടായത്. മന്ത്രിയുടെ പുതിയ പ്രതികരണങ്ങൾ വിഷയത്തെ വീണ്ടും വിവാദമാക്കിയിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here