‘ജനാധിപത്യത്തിൽ മസിലിന് സ്ഥാനമില്ല’; ആർഷോ-പ്രശാന്ത് ശിവൻ സംഘർഷത്തിൽ ശിവൻകുട്ടി

എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനുമായി നടന്ന ചർച്ചക്കിടെ ഉണ്ടായ കയ്യാങ്കളിയിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് പ്രശാന്ത് ശിവനെ പരിഹസിച്ച് മന്ത്രി രംഗത്തെത്തിയത്.

രാഷ്ട്രീയത്തിൽ ശാരീരിക ബലത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ലോകപ്രശസ്ത പ്രൊഫഷണൽ ബോഡിബിൽഡറായ റോണി കോൾമാൻ്റെ ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പരിഹാസം. “ജനാധിപത്യത്തിൽ മസിലിനാണ് പ്രാധാന്യമെങ്കിൽ റോണി കോൾമാൻ എന്നേ അമേരിക്കൻ പ്രസിഡന്റ് ആകുമായിരുന്നു. പാലക്കാട്‌ നിന്നുള്ള വാർത്ത കണ്ടപ്പോൾ പറഞ്ഞതാണ്”.

Also Read : സഖാവ് ആർഷോയ്ക്ക് ഡിഗ്രി ഇല്ലെങ്കിലും എംഎയ്ക്ക് ചേരാം; ഉന്നത വിദ്യാഭ്യാസത്തിലെ ഇടത് മാതൃക

ചാനൽ സംവാദത്തിനിടെ, സി.പി.എം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവൻ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ തർക്കം കടുക്കുകയും നേതാക്കൻമാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലും സംഘർഷം ഉടലെടുത്തു. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിടിച്ചു മാറ്റിയത്.

സംഭവത്തിന് പിന്നാലെ പി.എം. ആർഷോയും ഫെയ്സ്ബുക്കിൽ പ്രതികരിച്ചിരുന്നു. പ്രശാന്ത് ശിവനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ആർഷോ കുറിച്ചത് ഇങ്ങനെയാണ്. “ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top