മാങ്കൂട്ടത്തിൽ വിഷയത്തിൽ മറുകണ്ടം ചാടി ശിവൻകുട്ടി; ബോധപൂർവം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി

ലൈംഗിക ആരോപണങ്ങളിൽ പ്രതിരോധത്തിലായ യൂത്ത് കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടില്ലെന്ന തൻ്റെ മുൻ നിലപാട് ലംഘിച്ച് മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വി. ശിവൻകുട്ടി തന്നെയാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി എം.ബി രാജേഷും ഇവർക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി വി ശിവൻകുട്ടി നേരത്തെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ലൈംഗിക ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ശിവൻകുട്ടി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കുട്ടികൾക്കു മുന്നിൽ ഇത്തരത്തിൽ ഒരാൾ വരുന്നത് ആർക്കും താൽപര്യമുണ്ടാകില്ല. അതിനാൽ രാഹുൽ സ്വയം സംഘാടക സമിതി രൂപീകരണ യോഗത്തിൽനിന്ന് ഒഴിവാകുന്നതാണ് നല്ലത്,” എന്നും മന്ത്രി പരസ്യമായി നിലപാടെടുത്തിരുന്നു.
അതിൽനിന്നെല്ലാം തീർത്തും വിരുദ്ധമായ നിലപാടാണ് മന്ത്രി ഇന്ന് സ്വീകരിച്ചത്. “ബോധപൂർവം ഒരാളെ ചവിട്ടി താഴത്തേണ്ട കാര്യമില്ല. കുറ്റക്കാരൻ ആണെങ്കിൽ വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ലെന്നും ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്നും” മന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വെച്ച വ്യക്തിയാണെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടി ഇപ്പോൾ മറുകണ്ടം ചാടിയിരിക്കുകയാണ്. വിഷയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
പാലക്കാടാണ് സംസ്ഥാന സ്കൂൾ ശാസ്ത്രമേള നടക്കുന്നത്. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐ.ടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മന്ത്രിമാർ വേദി പങ്കിട്ട സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർ അടക്കമുള്ളവർ ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതായും റിപ്പോർട്ടുകളുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here