സുരേഷ് ഗോപിയെ ട്രോളി തുലച്ച് മന്ത്രി ശിവൻകുട്ടി; രാഷ്ട്രീയമായി പിച്ചും പേയും പറയുന്നയാളെന്ന് ആക്ഷേപം

കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ പരിഹസിച്ചും വിമർശിച്ചും കൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ‘മുമ്പൊക്കെ അദ്ദേഹം സിനിമാ നടന്റെ ഹാങ്ങോവറിൽ നിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു വിമർശനം. എന്നാൽ ഇപ്പോൾ അദ്ദേഹം അതിനും ഒരുപടി കടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന്’ മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരത്തെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ അജ്ഞത അത്ഭുതപ്പെടുത്തുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ‘തിരുവനന്തപുരത്ത് ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, എത്ര ലോക്‌സഭാ മണ്ഡലങ്ങളുണ്ടെന്നോ, കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാളാണ് ജനങ്ങളെ നയിക്കാൻ വരുന്നത് എന്നത് ലജ്ജാവഹമാണെന്നും’ ശിവൻകുട്ടി വിമർശിച്ചു.
Also Read : ‘കേരളത്തിൽ വിദ്യാഭ്യാസമുള്ള മന്ത്രി വരട്ടെ’; ശിവൻകുട്ടിയെ പരസ്യമായി പരിഹസിച്ച് സുരേഷ് ഗോപി
‘നേമം മണ്ഡലത്തെക്കുറിച്ച് സുരേഷ് ഗോപി നടത്തിയ വിക്രിയ പരാമർശത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് രാഷ്ട്രീയ വിക്രിയകളിലൂടെയാണെന്ന സുരേഷ് ഗോപിയുടെ വാദം നേമത്തെ വോട്ടർമാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്, ജനാധിപത്യത്തിൽ ജനങ്ങളുടെ തീരുമാനത്തെ വിക്രിയ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരുമെന്നും’ അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘തനിക്ക് കേന്ദ്രമന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന സുരേഷ് ഗോപിയുടെ തുറന്നു പറച്ചിലിനെയും ശിവൻകുട്ടി പരിഹസിച്ചു. സ്വന്തം കഴിവില്ലായ്മ തിരിച്ചറിഞ്ഞ് തിരുത്തുന്നതിന് പകരം, മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു പരാജിതന്റെ ലക്ഷണമാണ് എന്നും, ഇത് പരിഹാസ്യമായ നിലപാടാണെന്നും’ മന്ത്രി കുറ്റപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here