കെ.എസ്.യുക്കാരെ മുഖംമൂടി അണിയിച്ച് കോടതിയിലെത്തിച്ച എസ്എച്ച്ഒ തെറിച്ചു; നിയമസഭയില്‍ ഉത്തരംമുട്ടാതിരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി മുഖ്യമന്ത്രി

കെ.എസ്.യു നേതാക്കളെ കൊടുംഭീകരരെ കൊണ്ടുവരുന്ന രീതിയില്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ച് വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ എസ്എച്ച്ഒക്കെതിരെ നടപടി. വടക്കാഞ്ചേരി എസ്എച്ച്ഒ യുകെ ഷാജഹാനെതിരെ ആണ് നടപടി എടുത്തത്. സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയിട്ടുള്ളത്. എന്നാല്‍ പുതിയ ചുമതല നല്‍കിയിട്ടില്ല.
എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായ കെ.എസ്.യു പ്രവര്‍ത്തകരെയാണ് കറുത്ത തുണികൊണ്ട് മുഖം മറച്ച് കോടതിയില്‍ ഹാജരാക്കിയത്. കോടതി തന്നെ ഈ നടപടിയില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂര്‍, കിള്ളിമംഗലം ഗവ. കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ഒറ്റപ്പാലം കോളേജിലെ യൂണിറ്റ് ഭാരവാഹി അല്‍അമീന്‍ എന്നിവര്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുകയും ഇന്നു മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരക്കിട്ട നടപടി.
ALSO READ : നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; സതീശന്റെ നീക്കം നെഞ്ച്പിടഞ്ഞോ ?
കുന്നകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പോവീല് അതിക്രമത്തിന്റെ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നു. ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഒരു പ്രതികരണം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here