ഒളിവിലിരുന്ന് രണ്ട് വിവാഹം; 25 വർഷത്തിന് ശേഷം പോക്സോ കേസ് പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വഞ്ചിയൂർ പോലീസ് ചെന്നെെയിൽ നിന്ന് അറസ്റ്റ് ചെയ്തു. നിറമൺകര സ്വദേശിയായ മുത്തുകുമാർ ആണ് പോലീസിൻ്റെ പിടിയിലായത്. ട്യൂഷൻ സെൻ്റർ നടത്തിയിരുന്ന മുത്തുകുമാർ ഒരു വിദ്യാർത്ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

Also Read : ഫോണെടുത്തില്ല, വീട്ടിലെത്തി ബഹളം വച്ച് പെൺകുട്ടി; പോക്സോ കേസിൽ അകത്തായി കാമുകൻ

പീഡനത്തിന് ശേഷം ഇയാൾ ഉടൻ തന്നെ കേരളം വിട്ട് ഒളിവിൽ പോവുകയായിരുന്നു. ഒളിവിലിരുന്ന കാലയളവിൽ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സംസാരിക്കാൻ പബ്ലിക് ടെലിഫോൺ ബൂത്തുകളെ മാത്രമാണ് ആശ്രയിച്ചത്. ബാങ്ക് ഇടപാടുകൾ പൂർണ്ണമായും ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയാണ് നടത്തിയിരുന്നത്. ഒളിവിൽ കഴിയുന്നതിനിടെ മതം മാറിയ പ്രതി, സാം എന്ന പേര് സ്വീകരിക്കുകയും പാസ്റ്ററായി തമിഴ്‌നാട്ടിൽ ജീവിക്കുകയും ചെയ്തു. തമിഴ്‌നാട്ടിൽ ഇയാൾ രണ്ട് വിവാഹം കഴിച്ചതായും പോലീസ് അറിയിച്ചു.

പ്രതിയെ കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണം അതീവ സങ്കീർണ്ണമായിരുന്നു. പ്രതി ബന്ധപ്പെടാൻ സാധ്യതയുള്ള 150-ഓളം ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും, 30-ൽ അധികം ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുമാണ് മുത്തുകുമാറിനെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ പോലീസിന് ലഭിച്ചത്. ഈ സൂചനകളുടെ അടിസ്ഥാനത്തിലാണ് മുത്തുകുമാറിനെ തമിഴ്‌നാട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top