വർഗീയ അജണ്ടയ്ക്ക് റെയിൽവേ കുടപിടിക്കുന്നു: ഗണഗീത വിവാദത്തിൽ പിണറായി വിജയൻ

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കാനുള്ള സംഘപരിവാർ നീക്കമാണ് ഇതിലൂടെ പുറത്തുവന്നതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Also Read : വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം!! ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് റെയിൽവേ
ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപരമത വിദ്വേഷവും വർഗീയവിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർ.എസ്.എസ്സിൻ്റെ ഗാനം സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ആർ.എസ്.എസ്സിൻ്റെ വർഗീയ അജണ്ടയ്ക്ക് റെയിൽവേ കുടപിടിക്കുകയാണ്. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിലൂടെ ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുകയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് ഉദ്ഘാടന ചടങ്ങിൽ കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഒളിച്ചുകടത്തലാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ട സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ മുഴുവൻ ജനങ്ങളുടെയും പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിനു ശേഷം വിദ്യാർഥികൾ ട്രെയിനിനുള്ളിൽ ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരുന്നു. എന്നാൽ, വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ വിഡിയോ പിന്നീട് നീക്കം ചെയ്യുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here