180 KM സ്പീഡ്, കുളിക്കാൻ ചൂടുവെള്ളം; തകർപ്പൻ ഫീച്ചറുകളുമായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ

മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ പായുന്ന ട്രെയിൻ. സ്പീഡോമീറ്ററിന് സമീപം വെള്ളം നിറച്ച മൂന്ന് ഗ്ലാസുകൾ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണിത്. ട്രെയിൻ അതിവേഗത്തിൽ കുതിച്ചു പായുമ്പോഴും ഗ്ലാസിലെ വെള്ളത്തിന് ഒരു കുലുക്കവുമില്ല. റെയിൽവേ പുതുതായി പുറത്തിറക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ കാര്യക്ഷമത തെളിയിക്കാനായി റെയിൽവേ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്. പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഒരു ബിസിനസ് ക്ലാസ് ഫ്‌ളൈറ്റിലെ യാത്രാനുഭവം പ്രദാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിമറിച്ച പദ്ധതിയാണ് വന്ദേ ഭാരത്. വേഗതയിലും സൗകര്യത്തിലും ആധുനികതയിലും ആ ട്രെയിനുകൾ വിപ്ലവം സൃഷ്ടിച്ചു. ദീർഘദൂര യാത്രകൾക്ക് വന്ദേ ഭാരത് ഒരു അനുഗ്രഹം തന്നെ. പക്ഷേ, അതിവേഗം ലക്ഷ്യത്തിലേക്ക് എത്തുമെങ്കിലും മണിക്കൂറുകൾ നീണ്ട ട്രെയിൻ യാത്രക്കിടയിൽ ഒന്ന് നടുനിവർത്താൻ കഴിയില്ല എന്നത് വലിയ പോരായിമ തന്നെ. ഉറക്കം വന്നാലും സീറ്റിലിരുന്ന് തന്നെ കഷ്ടപ്പെട്ട് ഉറങ്ങേണ്ട അവസ്ഥ. ഈ വെല്ലുവിളിക്കാണ് റെയിൽവേ ഇപ്പോൾ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങും, മാർച്ചോടെ 10 എണ്ണം കൂടി പുറത്തിറങ്ങും.

രാത്രികാല യാത്രക്കായി വന്ദേ ഭാരത് ട്രെയിനുകൾ വേണമെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉയർന്ന തുടങ്ങിയിട്ട് നാളുകൾ ഏറെയായി. നിലവിൽ രാജ്യത്തുള്ള 92 വന്ദേ ഭാരത് ട്രെയിനുകളും പകൽ യാത്രകൾക്ക് മാത്രമുള്ള ചെയർ കാർ രീതിയിലുള്ളവയാണ്. എന്നാൽ പുതിയ സ്ലീപ്പർ ട്രെയിനുകൾ സുഖകരമായി കിടന്നുറങ്ങിക്കൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജനുവരിയോടെ ഈ അത്ഭുതം നമ്മുടെ പാളത്തിലെത്താൻ ഒരുങ്ങുകയാണ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനാണ് (Bharat Earth Movers Limited) നിർമ്മാണ ചുമതല. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ളതാണ് കോച്ചുകൾ. 16 കോച്ചുകളുള്ള ട്രെയിനിൽ 11 AC 3 ത്രി-ടയർ കോച്ചുകൾ , 4 AC 2-ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് AC കോച്ച് എന്നിവ അടങ്ങിയതാണ് പുറത്തിറങ്ങാൻ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ്. 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം.

ടെക്നോളജിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഓരോ ബെർത്തിലും റീഡിങ് ലൈറ്റ്, യുഎസ്ബി ചാർജിംഗ് പോർട്ട്, ഓട്ടോമാറ്റിക് ഡോറുകൾ, സെൻസർ ലൈറ്റിംഗ്, വൈ-ഫൈ, ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ട്. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ചൂടുവെള്ളത്തിൽ ഷവർ ചെയ്യാനുള്ള സൗകര്യം പോലുമുണ്ട് പുറത്തിറങ്ങാൻ പോകുന്ന പുത്തൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ.

കൂട്ടിയിടി ഒഴിവാക്കാനായി തദ്ദേശീയമായി വികസിപ്പിച്ച കവച് സംവിധാനം, സിസിടിവി നിരീക്ഷണം എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്ന് പട്‌നയിലേക്കുള്ള റൂട്ടിലായിരിക്കാനാണ് സാധ്യത. നിലവിൽ ഏകദേശം 23 മണിക്കൂറിലധികം എടുക്കുന്ന ഈ യാത്ര, വന്ദേ ഭാരത് സ്ലീപ്പർ എത്തുമ്പോൾ 11.5 മണിക്കൂറായി കുറയും. ഡൽഹി–അഹമ്മദാബാദ്, തിരുവനന്തപുരം–ബെംഗളൂരു തുടങ്ങിയ ദീർഘദൂര റൂട്ടുകളും പരിഗണനയിലുണ്ട്. അതോടെ ദീർഘദൂര ട്രെയിൻ യാത്രകാളിലെ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങൾ മാറുന്ന കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇന്ത്യ മാറുകയാണ് പുതിയ കാലഘട്ടത്തിന്റെ സാങ്കേതികവിദ്യകളിലൂന്നിയ വികസനത്തിലൂടെ. സാങ്കേതിക മികവോടെ അതിവേഗം കുതിക്കുന്ന ഒരു പുതിയ ഇന്ത്യയുടെ പ്രതീകമായി ഈ മാറ്റങ്ങൾ മാറുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top