വന്ദേഭാരത് ട്രെയിനിൽ വിദ്യാർത്ഥികളുടെ ആര്‍എസ്എസ് ഗണഗീതം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

വന്ദേഭാരത് ട്രെയിനിലെ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥികൾ ആര്‍എസ്എസിന്‍റെ ഗണഗീതം പാടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി.
ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഔദ്യോഗിക പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പുതിയ എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് ഉദ്ഘാടനയാത്രയിലാണ് വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചത്. ദക്ഷിണ റെയിൽവേ ഈ വീഡിയോ ‘ദേശഭക്തി ഗാനം’ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് വിവാദമായതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്യുകയും പിന്നീട് വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.
അതേസമയം, ഈ വിവാദങ്ങളെ തള്ളി കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും രംഗത്തെത്തി. കുട്ടികൾ പാടിയത് തീവ്രവാദ ഗാനമല്ലെന്നും നിഷ്‌കളങ്കമായി ആലപിച്ചതാണെന്നും ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്നും അവർ പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here