രക്ഷകനായ സാക്ഷിയെ കണ്ടെത്തണം; ഫോട്ടോ പുറത്തുവിട്ട് റെയിൽവെ പൊലീസ്

ട്രെയിൻ യാത്രയ്ക്കിടെ വർക്കലയിൽ വച്ച് സഹയാത്രികയെ ചവിട്ടി പുറത്തേക്കിട്ട സംഭവത്തിൽ, ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ കണ്ടെത്താൻ റെയിൽവേ പോലീസ് നീക്കം തുടങ്ങി. പ്രതിയെ കീഴടക്കി പോലീസിൽ ഏൽപ്പിച്ച ഈ നിർണ്ണായക സാക്ഷിയുടെ ഫോട്ടോ റെയിൽവേ പോലീസ് പുറത്തുവിട്ടു. ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് പിന്നാലെ, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ട്രെയിനിൽ ഉണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചു കയറ്റിയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് മൊഴി നൽകിയിരുന്നു.
Also Read : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകർക്കാൻ ആസൂത്രിതനീക്കമെന്ന് നിഗമനം; കേസുകൾ ഇതിൻ്റെ അടിസ്ഥാനത്തിൽ
ഈ വ്യക്തി തന്നെയാണ് പ്രതിയായ സുരേഷിനെ കീഴടക്കുകയും പിന്നീട് റെയിൽവേ പോലീസിന് കൈമാറുകയും ചെയ്തത്. പെൺകുട്ടികളെ ആക്രമിക്കുന്നത് നേരിട്ട് കണ്ട ഏക വ്യക്തിയായതിനാൽ, ഇദ്ദേഹത്തിൻ്റെ മൊഴി കേസിൽ വളരെ നിർണായകമാണ്. ആളെ കണ്ടെത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് റെയിൽവേ പോലീസ് ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവര്‍ റെയില്‍വെ പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ 9846200100 നമ്പറിൽ അറിയിക്കണമെന്ന് റെയിൽവേ അറിയിച്ചു.
Also Read : വിവാഹ ചടങ്ങിൽ ഭക്ഷണത്തിൽ തുപ്പി യുവാവ്; വീഡിയോ വൈറലായതോടെ അറസ്റ്റ്
അതിനിടെ, പ്രതി സുരേഷ് ട്രെയിനിൽ കയറുന്നതിന് മുൻപ് കോട്ടയത്തെ ബാറിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യലഹരിയിലായിരുന്നു പ്രതി ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിന് കടുത്ത പരിക്കേറ്റ ശ്രീക്കുട്ടി എത്രനാൾ അബോധാവസ്ഥയിൽ തുടരുമെന്ന് വ്യക്തമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എല്ലുകൾക്ക് വലിയ പൊട്ടലുകളോ മറ്റ് ആന്തരികാവയവങ്ങൾക്ക് സാരമായ പ്രശ്നങ്ങളോ ഇല്ല എന്നതാണ് ആശ്വാസം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here