മദ്യപന്‍ ട്രയിനില്‍ നിന്ന് തള്ളിയിട്ട ശ്രീകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മെഡിക്കല്‍ കോളേജ്

വര്‍ക്കലക്ക് സമീപം മദ്യപന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് 19കാരി ശ്രീകുട്ടി ചികിത്സയിലുള്ളത്. വീഴ്ചയില്‍ തലയിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറില്‍ ചതവും കണ്ടെത്തിയിട്ടുണ്ട്. കാര്യമായ പുരോഗതി ആരോഗ്യനിലയില്‍ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് പെണ്‍കുട്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്.
ശ്രീകുട്ടിക്കായി മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ പറഞ്ഞു. ന്യൂറോ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നത്. ഇതിനായി ഒരു മെഡിക്കല്‍ ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ശ്രീകുട്ടിയുടെ അമ്മ പ്രീയദര്‍ശിനി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.
കേരള എക്‌സ്പ്രസിലെ യാത്രയ്ക്കിടെയാണ് ശ്രീകുട്ടി ആക്രമണത്തിന് ഇരയായത്. രാത്രി 8.45-ഓടെ വര്‍ക്കല അയന്തിക്ക് സമീപത്ത് വച്ച് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീകുട്ടിയെ അക്രമിയായ സുരേഷ് കുമാര്‍ പുറത്തേക്ക് ചവിട്ടി തള്ളിയിടുകയായിരുന്നു. ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചനയെയും ഇയാള്‍ തള്ളിയിട്ടിരുന്നു. എന്നാല്‍ വാതിലിന്റെ കമ്പിയില്‍ പിടിച്ച് നില്‍ക്കാന്‍ അര്‍ച്ചനക്കായി. മറ്റുയാത്രക്കാര്‍ ഓടിയെത്തി ഇവരെ രക്ഷിക്കുക ആയിരുന്നു. വാതിലിന് സമീപത്തുനിന്ന് മാറിനില്‍ക്കാത്തതിനാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലാണ് പ്രതി സുരേഷ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here